സത്യപ്രതിജ്ഞ ചടങ്ങ് ലളിതമായി നടത്തുന്നതാണ് കേരളമെന്ന മരണവീടിന് നല്ലതെന്ന് എറണാകുളം-അങ്കമാലി അതിരൂപത
text_fieldsഅങ്കമാലി: രണ്ടാം പിണറായി സർക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ലളിതമായി നടത്തുന്നതാണ് കേരളമെന്ന മരണവീടിന് നല്ലതെന്ന് എറണാകുളം അങ്കമാലി അതിരൂപത. മുഖപത്രമായ സത്യദീപത്തിലെ എഡിറ്റോറിയലിലാണ് സത്യപ്രതിജ്ഞ ചടങ്ങിനെതിരായ വിമർശനം. ലോക്ഡൗണിലൂടെ അകത്തിരിക്കാൻ നിർബന്ധിതരായ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണ് ഈ സത്യപ്രതിജ്ഞാഘോഷമെന്ന് സത്യദീപം വിമർശിക്കുന്നു.
മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഗവർണറും പ്രതിജ്ഞ രജിസ്റ്റർ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ അടക്കമുള്ള ജീവനക്കാരും മാത്രമാണ് അനിവാര്യമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സാന്നിദ്ധ്യം പോലും അത്യാവശ്യമില്ല. സുപ്രീംകോടതിയുടെ 48ാം ചീഫ് ജസ്റ്റിസായി എൻ.വി രമണ ചുമതലയേറ്റെടുത്തത് 30ൽ താഴെ ആളുകളുടെ സാന്നിധ്യത്തിലായിരുന്നുവെന്ന് സത്യദീപം ഓർമിപ്പിച്ചു.
പ്രധാനമന്ത്രിയുടെ സെൻട്രൽ വിസ്ത പദ്ധതിയേയും സത്യദീപം വിമർശിക്കുന്നുണ്ട്. നിറഞ്ഞു കവിയുന്ന ആശുപത്രികളും ചിതയണയാത്ത ശ്മശാനങ്ങളും ഒഴുകി നടക്കുന്ന മൃതദേഹങ്ങളും ഓക്‌സിജൻ സിലിണ്ടറിനായി കിലോമീറ്റര്‍ നീളുന്ന കാത്തിരിപ്പുകളും കേവല ദുരന്തമല്ലെന്ന് ഉന്നത നീതിപീഠങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലും പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെടെയുള്ള 'സെന്‍ട്രല്‍ വിസ്താ' പദ്ധതിക്ക് ഇളവ് തേടുന്ന ഭരണകൂടം ജനവിരുദ്ധമാണെന്ന് തിരിച്ചറിയണമെന്നാണ് സത്യദീപത്തിന്‍റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.