പ്രളയം: തമിഴ്നാട് വക 256 ട്രാൻസ്ഫോർമറുകൾ
text_fieldsചെന്നൈ: പ്രളയക്കെടുതികൾ അനുഭവപ്പെടുന്ന കേരളത്തിലേക്ക് 256 ട്രാൻസ്ഫോർമറുകളും 40,000 പവർ മീറ്ററുകളും അയച്ചതായി തമിഴ്നാട് വൈദ്യുതി മന്ത്രി പി. തങ്കമണി. ഇൗറോഡിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചതാണ് ഇക്കാര്യം. ഇതിനുപുറമെ ഒരു ലക്ഷം ‘അമ്മ’ കുടിവെള്ള കുപ്പികളും നാലുകോടി രൂപയുടെ ധാന്യങ്ങളും മരുന്നുകളും ഉൾപ്പെടെ 42 ഇനം സാധനങ്ങൾ അയച്ചു. 500 ടൺ ബ്ലീച്ചിങ് പൗഡറും നൽകിയിട്ടുണ്ട്.
തമിഴ്നാട് സർക്കാർ 10 കോടി രൂപ പണമായും നൽകി. തമിഴ്നാട്ടിലെ മുഴുവൻ സർക്കാർ ജീവനക്കാരും ഒരു ദിവസത്തെ വേതനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുമെന്ന് ഗവ. എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.ആർ. രാജ്കുമാർ അറിയിച്ചു.
ഏകദേശം 200 കോടി രൂപ ഇത്തരത്തിൽ സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതുച്ചേരിയിലെ സർക്കാർ ജീവനക്കാരും ഒരു ദിവസത്തെ വേതനം കേരളത്തിന് സംഭാവന നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
നവകേരളം നിർമിക്കാൻ ഒഡിഷയിൽനിന്ന് പ്ലംബർമാരും
ഭുവനേശ്വർ: പ്രളയം സാരമായി ബാധിച്ച കേരളത്തിലെ അറ്റകുറ്റപണികൾക്കായി ഒഡിഷയിലെ പ്ലംബർമാരും. ഒഡിഷയിലെ കേന്ദ്രപാറ ജില്ലയിലെ മികവുറ്റ പ്ലംബർമാരാണ് കേരളത്തിലെ തകരാറിലായ കുടിവെള്ള വിതരണ പൈപ്പുകളും അഴക്കുചാൽ സംവിധാനങ്ങളും ശരിയാക്കാനായി ഇവിടേക്ക് തിരിക്കുന്നത്. രാജ്യത്തെ അറിയപ്പെട്ട പ്ലംബർമാരുള്ള ജില്ലയാണ് കേന്ദ്രപാറ.
ഡൽഹി, കൊൽക്കത്ത തുടങ്ങി മറ്റു നഗരങ്ങളിൽ ജോലിചെയ്യുന്ന ഇവിടുത്തെ പ്ലംബർമാരും ലീവെടുത്ത് കേരളത്തിലേക്ക് തിരിക്കുന്നുണ്ട്. കേരളത്തിലെ ദുരിതാശ്വാസപ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കും ലീവ് വേണമെന്ന് ആവശ്യപ്പെടുേമ്പാൾ കമ്പനികൾ ലീവ് അനുവദിക്കുന്നുണ്ടെന്നും അംഗങ്ങൾ പറയുന്നു.
കേന്ദ്രപാറ ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണ് പ്ലംബിങ്. പല കുടുംബങ്ങളുടെയും കുലത്തൊഴിലും ഇതാണ്. 20,000ത്തോളം പ്ലംബർമാർ ഇൗ ജില്ലയിലുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്.
കേരളത്തിൽ 443 മരണം, 15 പേരെ കാണാതായി
ന്യൂഡൽഹി: കനത്ത മഴയും പ്രളയവും രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ ഇതുവരെ 1276 പേരുടെ ജീവൻ കവർന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ കേരളത്തിൽ മാത്രം 443 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കേരളത്തിൽ 14 ജില്ലകളിലെ 54.11 ലക്ഷം ജനങ്ങളെയാണ് പ്രളയം ദുരിതത്തിലാക്കിയത്. 47,727 ഹെക്ടർ കൃഷി നശിച്ചു.
ഉത്തർപ്രദേശിൽ -218, പശ്ചിമബംഗാൾ -198, കർണാടക -166, മഹാരാഷ്ട്ര -139, ഗുജറാത്ത് -52, അസം -49, നാഗാലൻഡ് -11 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണസംഖ്യ.
കാണാതായ 37 പേരിൽ 15പേർ കേരളത്തിൽനിന്നുള്ളവരും 14 പേർ യു.പിയിൽ നിന്നുള്ളവരുമാണ്. കാലവർഷക്കെടുതിയിൽ രാജ്യത്ത് 349 പേർക്ക് പരിക്കേറ്റു. കേരളത്തിൽ 14.52 ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞതെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ദേശീയ അടിയന്തര പ്രതികരണ കേന്ദ്രം (എൻ.ഇ.ആർ.സി) വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.