പ്രളയം: മാനസിക അതിജീവനത്തിന് കരുത്തേകി കുടുംബശ്രീ
text_fieldsകൊച്ചി: പ്രളയത്തിലകപ്പെട്ടവർക്ക് ബാഹ്യ പിന്തുണയോടൊപ്പം മാനസിക അതിജീവനത്തിന് കരുത്തേകി കുടുംബശ്രീ പ്രവർത്തകർ. ദുരന്തമുഖത്ത് രാവും പകലുമില്ലാതെ അക്ഷീണം പ്രവർത്തിച്ചതിന് പുറമെയാണ് മാനസികമായി തകർന്നവർക്ക് കൈത്താങ്ങുമായി കുടുംബശ്രീയുടെ കമ്യൂണിറ്റി കൗൺസിലർമാർ മുന്നിട്ടിറങ്ങിയത്. സംസ്ഥാനത്തുടനീളം 10,000 കുടുംബങ്ങളിലായി 38,842 പേർക്കാണ് ഇതിനകം കൗൺസലിങ്ങ് നൽകിയത്.
3,97,462 വളൻറിയർമാരാണ് ദുരന്തമുഖത്ത് സജീവ പ്രവർത്തനങ്ങളിലുണ്ടായിരുന്നത്. ഉയർന്നുപൊങ്ങിയ വെള്ളത്തിന് നടുവിൽ ജീവൻ കൈയിൽപിടിച്ച് രണ്ടും മൂന്നും ദിവസങ്ങൾ കഴിഞ്ഞവർ മാനസികമായി തകർന്നുപോയിരുന്നു. വെള്ളമിറങ്ങിയ ശേഷം വീടുകളിലേക്ക് മടങ്ങിയവർ കണ്ടത് ഹൃദയം പൊട്ടുന്ന കാഴ്ചയാണ്. ഒരായുസ്സ് മുഴുവൻ സമ്പാദിച്ചതെല്ലാം നശിച്ച ആഘാതത്തിലായിരുന്നു പലരും. ഇത്തരക്കാരെ വീടുകളിലെത്തി ആശ്വസിപ്പിച്ചും വിഷമങ്ങൾ കേട്ടും നിർദേശങ്ങൾ നൽകിയും കൗൺസിലർമാർ മാനസിക പിന്തുണ നൽകി. പഠനവസ്തുക്കൾ നഷ്ടപ്പെട്ട കൗമാരക്കാരായ കുട്ടികൾക്ക് ആത്മവിശ്വാസമേകിയും മാനസിക പിരിമുറുക്കം കുറക്കുന്ന ചെറിയ വ്യായാമ മുറകൾ പകർന്നുനൽകിയുമാണ് ഇവർ ഓരോ വീട്ടിൽനിന്നും ഇറങ്ങിയത്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻറ് ന്യൂറോ സയൻസിെൻറ (നിംഹാൻസ്) നേതൃത്വത്തിൽ കൗൺസിലർമാർക്ക് വിവിധ ജില്ലകളിൽ പരിശീലനവും നൽകിയിരുന്നു. പ്രളയത്തിെൻറ നടുക്കുന്ന ഓർമയിൽ കഴിയുന്നവർക്ക് അതിൽനിന്ന് പെെട്ടന്ന് മോചനത്തിനുള്ള ശാസ്ത്രീയ നിർദേശങ്ങളാണ് നിംഹാൻസ് നൽകിയത്. ദുരന്തമേഖലകളിലെ ആയിരക്കണക്കിന് വീടുകളും ഓഫിസുകളും പൊതുവഴികളും വൃത്തിയാക്കിയും ക്യാമ്പുകളിലേക്ക് ഭക്ഷണം പാകം ചെയ്തുനൽകിയും ദുരിതാശ്വാസ കിറ്റുകൾ തയാറാക്കിയും കുടുംബശ്രീ പ്രവർത്തനങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.