എയിംസിൽ നിലപാട് മാറ്റി കേരളം;കോഴിക്കോട്ടല്ല, വേണ്ടത് കാസർകോട്ട്
text_fieldsന്യൂഡൽഹി: കേരളത്തിന് കേന്ദ്രം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) സ്ഥാപിക്കേണ്ട ജില്ലയുടെ കാര്യത്തിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. കോഴിക്കോട്ട് വേണമെന്ന ആവശ്യം തിരുത്തി, കാസർകോട്ട് എയിംസ് അനുവദിക്കണമെന്ന പ്രത്യേക നിവേദനവുമായി സർക്കാർ കേന്ദ്രത്തെ സമീപിച്ചു.
ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ പ്രത്യേകം കണ്ട് ആവശ്യം ഉന്നയിക്കുകയായിരുന്നു. ആരോഗ്യമന്ത്രി കേരളത്തിൽ വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോഴും കോഴിക്കോട്ട് എയിംസ് അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്. അതിനായി കിനാലൂരിൽ സ്ഥലം കണ്ടെത്തുകയും പരിശോധനകളെല്ലാം പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ എയിംസ് കാസർകോട് മതിയെന്നാണ് സംസ്ഥാനം അറിയിച്ചിരിക്കുന്നത്. ഈ മലക്കംമറിച്ചിലിന് കെ.വി. തോമസ് വാർത്തസമ്മേളനത്തിൽ വ്യക്തമായ മറുപടി നൽകിയില്ല.
എന്നാൽ, നിലപാട് മാറ്റിയതിന് കാരണം പുതിയ നിവേദനത്തിൽ വിശദീകരിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ മംഗളൂരുവിൽനിന്ന് 25 കി.മീ. മാത്രം അകലെ എയിംസിന് പറ്റിയ സ്ഥലം കേരള സർക്കാർ കണ്ടെത്തിയിട്ടുണ്ട്. വികസന, ആരോഗ്യ രംഗങ്ങളിൽ പിന്നാക്ക ജില്ലയായ കാസർകോട്ട് ചികിത്സ സൗകര്യങ്ങൾ വളരെ പരിമിതമാണ്. കാസർകോട്ട് എയിംസ് വന്നാൽ തെക്കൻ കർണാടകത്തിനും വടക്കൻ കേരളത്തിനും ഒരുപോലെ ഉപകരിക്കും. ജനിതക വൈകല്യമുള്ള കുട്ടികളടക്കം ഒട്ടേറെ പേർക്ക് കാസർകോട്ട് പ്രത്യേക ചികിത്സക്ക് സൗകര്യമില്ലാത്തതാണ് നിലവിലെ സാഹചര്യം. എയിംസ് വേണമെന്ന ആവശ്യമുയർത്തി കാസർകോട് ജനകീയ പ്രതിഷേധങ്ങൾ നടന്നിരുന്നു.
എയിംസ് അനുവദിക്കുന്ന വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി വൈകാതെ ഫോണിൽ ബന്ധപ്പെടുമെന്ന വിശദീകരണവും തോമസ് നൽകി. ഇക്കുറി നഴ്സിങ് കോളജ് കേരളത്തിന് കിട്ടാതെവന്ന പശ്ചാത്തലത്തിൽ അതടക്കമുള്ള ആവശ്യങ്ങളും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ തോമസ് ഉന്നയിച്ചിട്ടുണ്ട്. വയനാട്ട് മെഡിക്കൽ കോളജ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.