കേരളത്തിന് സിൽവർ ലൈനില്ല: വരുമാനത്തിൽ 12,000 കോടിയുടെ കുറവുണ്ടാകും
text_fieldsന്യൂഡൽഹി: ഇടതു മുന്നണി സർക്കാർ നടപ്പാക്കുമെന്ന് ആവർത്തിച്ച സ്വപ്നപദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്ക് നടപ്പുസാമ്പത്തിക വർഷം കേന്ദ്ര സർക്കാർ അനുമതിയില്ല. ഇതടക്കം സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ തള്ളിയ കേന്ദ്രബജറ്റ് കേരളത്തിന് പ്രതീക്ഷക്കു വകയില്ലാത്തതായി.
ചരക്കുസേവന നികുതി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്കു കൂടി നൽകണമെന്ന കേരളത്തിന്റെ മറ്റൊരു പ്രധാന ആവശ്യവും ധനമന്ത്രി നിർമല സീതാരാമൻ തള്ളി. ഇതോടെ വർഷംതോറും 12,000ത്തോളം കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടാകും. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളും ഉന്നയിച്ച ആവശ്യമായിരുന്നു ഇത്.
കഴിഞ്ഞ സാമ്പത്തിക വർഷം 263.95 കോടി രൂപ ചെലവിട്ട റബർ ബോർഡിന് അഞ്ച് കോടിരൂപയുടെ വർധനയാണ് ഇക്കുറിയുള്ളത്, 268. 76 കോടി രൂപ. സുഗന്ധവ്യഞ്ജന ബോർഡിന് പോയ വർഷം ചെലവിട്ട 115. 50 കോടി രൂപ നിലനിർത്തിയിട്ടുണ്ട്. കശുവണ്ടി കയറ്റുമതി കൗൺസിലിനും വിഹിതമില്ല.
കൊച്ചിൻ പോർട്ട് ട്രസ്റ്റിന് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 33.07 കോടി ഇത്തവണ 23.88 കോടിയായി കുറഞ്ഞു. കൊച്ചിൻ ഷിപ്പ്യാർഡിന് കഴിഞ്ഞ ബജറ്റിലെ വകയിരുത്തിയ 400 കോടി രൂപ ആവർത്തിച്ചു. അതേസമയം കഴിഞ്ഞ ബജറ്റിലെ 400ൽ 300 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.
ട്രാവൻകൂർ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസിന് കഴിഞ്ഞ സാമ്പത്തിക വർഷം 340 കോടി രൂപ ബജറ്റിൽ വകയിരുത്തി ഒന്നും വിനിയോഗിക്കാതിരുന്ന കേന്ദ്ര സർക്കാർ ഇക്കുറി ഒന്നും നീക്കിവെച്ചിട്ടുമില്ല.
കഴിഞ്ഞ ബജറ്റിൽ 375 കോടി വകയിരുത്തി 354 കോടി ചെലവിട്ട തേയില ബോർഡിന് ഈ ബജറ്റിൽ 132 കോടിയാണ് നീക്കിവെച്ചത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷം 188.41 കോടി രൂപ ചെലവിട്ട കോഫി ബോർഡിന് ഇക്കുറി അത് വർധിപ്പിച്ച് 226.21 കോടി രൂപ വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.