കേരളത്തിൽ കോവിഡ് മരണം കൂടുന്നത് ആശങ്കാജനകമെന്ന് കേന്ദ്രം
text_fieldsതിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണങ്ങൾ കൂടുന്നതിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്, സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിലാണ് മരണസംഖ്യ വർധിക്കുന്നതും രോഗികളുടെ എണ്ണം പിടിച്ചുനിർത്താത്തതിലും ആശങ്ക അറിയിച്ചത്.
നവംബർ 26 മുതൽ ഡിസംബർ രണ്ടു വരെ ഒരാഴ്ചക്കിടെ 2118 കോവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. തൊട്ടു മുമ്പത്തെ ആഴ്ച (നവം.19 മുതൽ 25വരെ) 1890 ആയിരുന്നു മരണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
തൃശൂർ, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് കൂടുതൽ കോവിഡ് മരണങ്ങൾ. തൃശൂരിൽ ആദ്യ ആഴ്ച 12 പേർ മരിച്ചപ്പോൾ കഴിഞ്ഞ ആഴ്ച 128 ആയി ഉയർന്നു. മലപ്പുറത്ത് ഇത് 70ഉം 109ഉം ആണ്. കോഴിക്കോട് 93, 82, െകാല്ലം 43, 17 എന്നിങ്ങനെയാണ് മരണസംഖ്യ.
കഴിഞ്ഞ ഒരു മാസത്തിനിടെ 1,71,521 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്ട്ട് ചെയ്തത്. ഇത് രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ 55 ശതമാനം വരും. തിരുവനന്തപുരം, വയനാട്, കോഴിക്കോട്, കോട്ടയം എന്നീ നാല് ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മരണനിരക്കും രോഗവ്യാപനവും പിടിച്ചു നിർത്താൻ കേരളം ശ്രമിക്കണമെന്നും കത്തിൽ നിർദേശിച്ചു. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ ശക്തമാക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പരിപൂർണ പിന്തുണ ഇക്കാര്യത്തിലുണ്ടാകുമെന്നും കേന്ദ്രം വ്യകതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.