കേരള ഹൈകോടതിക്ക് 'ഖുൽഇ'ൽ തെറ്റുപറ്റി -ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡൽഹി: മുസ്ലിം സ്ത്രീകളുടെ വിവാഹമോചന രീതി വ്യാഖ്യാനിക്കുന്നതിൽ കേരള ഹൈകോടതിക്ക് തെറ്റുപറ്റിയെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ ഉപാധ്യക്ഷൻ മുഹമ്മദ് സലീം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പാർലമെന്റും നിയമസഭകളും രാജ്യത്ത് നിർമിക്കുന്ന നിയമങ്ങൾ വ്യാഖ്യാനിക്കാൻ ബാധ്യസ്ഥമായ കോടതികൾ അധികാരപരിധി കടന്ന് മതവിശ്വാസ പ്രമാണങ്ങൾ വ്യാഖ്യാനിച്ചാൽ സംഭവിക്കുന്ന തെറ്റിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അതെന്നും സലീം പറഞ്ഞു.
മുസ്ലിം സ്ത്രീകൾക്കുള്ള വിവാഹമോചനത്തിന്റെ വഴി മറ്റു മതങ്ങളിലില്ല. സ്ത്രീകൾക്ക് വിവാഹബന്ധം സ്വന്തം നിലക്ക് വേർപെടുത്താനുള്ള മാർഗം ഇസ്ലാമിലുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം അവൾക്ക് ഖുല ആവശ്യപ്പെടാം. ഖുൽഇന് ഭർത്താവ് വിസമ്മതിച്ചാൽ 'ഖുൽഅ്' അല്ല. പിന്നീട് അടുത്ത ഘട്ടമാണ്. അതനുസരിച്ച് വിവാഹ മോചനത്തിന് അവൾ കോടതിയെ സമീപിച്ച് കോടതി വിവാഹമോചനം പ്രഖ്യാപിക്കും. സ്വന്തംനിലക്ക് വിവാഹമോചന പ്രക്രിയ സ്ത്രീയാണ് നടത്തുന്നതും അത് നേടിയെടുക്കുന്നതും. അത് ഖുൽഅ് അല്ല. വിവാഹമോചനമാണ്.
വിവാഹബന്ധം വേർപെടുത്തുന്നതിൽ ഇസ്ലാമിക ശരീഅത്തിൽ ഇത്തരത്തിൽ ശരിയായ നടപടിക്രമമുണ്ട്. ആ നടപടിക്രമങ്ങൾ പാലിച്ചാണ് ഇസ്ലാംമത വിശ്വാസികൾ വിവാഹമോചനം നടത്തേണ്ടത്. വിവാഹബന്ധത്തെ പരമാവധി സംരക്ഷിക്കുന്ന നിലപാടാണ് ഇസ്ലാമിന്റേത്.
മതശാസനകളും ശരീഅത്തും വ്യക്തിനിയമങ്ങളും കോടതികൾക്ക് വ്യാഖ്യാനിക്കാൻ കഴിയില്ല. കോടതി ശരീഅത്ത് വ്യാഖ്യാനിക്കാൻ നിൽക്കരുത്. ശരീഅത്തും വ്യക്തിനിയമങ്ങളും അതത് വിശ്വാസങ്ങളിൽ വൈദഗ്ധ്യമുള്ളവരാണ് വിശദീകരിക്കേണ്ടതെന്നും സലീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.