പശ്ചിമഘട്ട വിജ്ഞാപനത്തിലുറച്ച് കേരളം; ഉറപ്പിക്കാതെ കേന്ദ്രം
text_fields1337.24 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കുമെന്ന് വെള്ളിയാഴ്ച നടന്ന ചർച്ചയിൽമന്ത്രി സൂചന നൽകിയതായി കേരള എം.പിമാർ അവകാശപ്പെട്ടിരുന്നു
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനത്തിൽ നിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണമെന്ന കേരളത്തിെൻറ ആവശ്യത്തിന് മുന്നിൽ അയവില്ലാതെ കേന്ദ്ര സർക്കാർ. 'നോൺകോർ' എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രദേശത്തെ വിജ്ഞാപന പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിന് കേന്ദ്രം സമ്മതം മൂളാതെ വന്നതോടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിളിച്ച മൂന്ന് പശ്ചിമഘട്ട സംസ്ഥാനങ്ങളുടെ യോഗത്തിൽ പുരോഗതിയുണ്ടായില്ല. വിജ്ഞാപനത്തിൽ കൂടുതൽ ഇളവ് നൽകിയാൽ സുപ്രീംകോടതിയിൽ തിരിച്ചടി നേരിടുമെന്ന ആശങ്കയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് സംസ്ഥാന മന്ത്രിമാർക്ക് മുന്നിൽ വെച്ചത്.
വെള്ളിയാഴ്ച മന്ത്രിയുമായി നടത്തിയ ചർച്ചയിൽ 1337.24 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ഇ.എസ്.എയിൽ (പരിസ്ഥിതി ലോല മേഖല) നിന്ന് ഒഴിവാക്കുമെന്ന സൂചന നൽകിയതായി കേരളത്തിൽ നിന്നുള്ള എം.പിമാർ അവകാശപ്പെട്ടിരുന്നു. എന്നാൽ ശനിയാഴ്ച നടന്ന ചർച്ചകളിൽ അത്തരമൊരു ഉറപ്പ് കേന്ദ്രം നൽകിയിട്ടില്ലെന്നും ഒരു മാസം മുമ്പുള്ള സാഹചര്യം നിലനിൽക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലും സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന സെക്രട്ടറി ഡോ. വി. വേണുവും വ്യക്തമാക്കി. പരിസ്ഥിതി വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് പകരം ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് യോഗത്തിൽ സംബന്ധിച്ചത്.
ഉമ്മൻ വി. ഉമ്മൻ സമിതി 123 വില്ലേജുകളിലായി കണ്ടെത്തിയ 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശം, വി.എച്ച്. കുര്യൻ സമിതി ശാസ്ത്രീയ പഠനത്തിലൂടെ 92 വില്ലേജുകളിലെ 8656.4 ചതുരശ്ര കിലോമീറ്റർ ആക്കി പുനർ നിർണയിച്ചിരുന്നു. ഇതേത്തുടർന്നാണ് 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കാൻ കേരളം ആവശ്യപ്പെട്ടതെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ആദ്യം വന്ന വിജ്ഞാപനം തുടരുന്ന സാഹചര്യത്തിൽ ഈ ആവശ്യത്തിൽ രേഖാമൂലമുള്ള ഉറപ്പാണ് ശനിയാഴ്ചത്തെ യോഗത്തിലും ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബറിലെ നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ മാറിയിട്ടില്ലെന്ന് ഉദ്യോഗസ്ഥ തല ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച സംസ്ഥാന വനം സെക്രട്ടറി വേണു പറഞ്ഞു. കേരളം ഒഴിവാക്കാൻ ആവശ്യപ്പെട്ട 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം 'നോൺ കോർ' ആയും ശേഷിക്കുന്ന 8656.4 ചതുരശ്ര കിലോമീറ്റർ 'കോർ' ആയും പറയുന്ന കേന്ദ്ര സർക്കാർ ഇവ എന്താണെന്നോ രണ്ടും തമ്മിൽ നിയന്ത്രണത്തിൽ വല്ല വ്യത്യാസമുണ്ടോ എന്നും ഇതു വരെ നിർവചിച്ചിട്ടില്ല. അക്കാര്യത്തിൽ രേഖാമൂലം വ്യക്തത വരുത്തണമെന്നും പുതിയ വിജ്ഞാപനം ഡിസംബർ 31നകം ഇറക്കുമ്പോൾ 1337.24 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എയിൽ നിന്ന് ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങൾക്ക് കൃത്യമായ മറുപടിയും നൽകിയിട്ടില്ല.
ഇനി 16ന് ചർച്ച നടത്തുമെന്ന് പറയുന്ന കേന്ദ്ര സർക്കാർ നിലവിലെ നിയന്ത്രണങ്ങളിൽ നിന്ന് ഈ പ്രദേശത്തിന് ഇളവ് നൽകുമോ എന്നാണ് അറിയേണ്ടതെന്നും ഇക്കാര്യത്തിൽ രേഖാമൂലമുള്ള ഉറപ്പാണ് കിട്ടേണ്ടതെന്നും ബാലഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.