രണ്ട് വർഷത്തേക്ക് നിയമിച്ച് ആജീവനാന്ത പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളം -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. രണ്ട് വർഷത്തേക്ക് നിയമനം നൽകി അവർക്ക് ആജീവനാന്തം പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് കോടതി കുറ്റപ്പെടുത്തി. അതിന് കേരള സർക്കാറിന് കഴിയുമെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് ഡീസൽ വാങ്ങുമ്പോൾ വിപണിവിലയേക്കാൾ കൂടുതൽ പണം കൊടുക്കാൻ എന്തുകൊണ്ട് കഴിയില്ലെന്നും ജസ്റ്റിസുമാരായ അബ്ദുൽ നസീറും കൃഷ്ണ മുരാരിയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് രോഷത്തോടെ ചോദിച്ചു.
ഡീസൽ മൊത്തമായി വാങ്ങുന്ന കെ.എസ്.ആർ.ടി.സി പോലുള്ള കമ്പനികളിൽനിന്ന് വിപണി വിലയേക്കാൾ ലിറ്ററിന് ഏഴ് രൂപ വരെ കൂടുതൽ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും വില നിർണയിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സ്വതന്ത്ര സമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സമർപ്പിച്ച ഹരജി തള്ളിയാണ് ബെഞ്ച് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുന്ന കേരള സർക്കാറിനെതിരെ ആഞ്ഞടിച്ചത്.
വിപണി വിലയേക്കാൾ ഡീസലിന് ഏഴ് രൂപ കൂടുതലാണ് കെ.എസ്.ആർ.ടി.സിയിൽനിന്ന് ഈടാക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ അഡ്വ. വി. ഗിരി ബോധിപ്പിച്ചപ്പോൾ, 'എന്തിനാണിവിടെ വന്നിരിക്കുന്നതെന്നും ഇത് കേരളമല്ലേ' എന്നും ജസ്റ്റിസ് അബ്ദുൽ നസീർ ചോദിച്ചു. ഹൈകോടതി തീരുമാനിക്കട്ടെ എന്നും അവർക്കിത് കൈകാര്യം ചെയ്യാൻ അറിയാം എന്നും അവിടെ കേസ് ഫയൽ ചെയ്തോളൂ എന്നും ജസ്റ്റിസ് നസീർ പറഞ്ഞു.
തുടർന്നാണ് ഇന്ത്യൻ എക്സ്പ്രസിലെ റിപ്പോർട്ട് പരാമർശിച്ച് മന്ത്രിമാർ രണ്ട് വർഷത്തേക്ക് നിയമിക്കുന്നവർക്ക് ആജീവനാന്തം മുഴുവൻ പെൻഷനും നൽകുന്ന ഏക സംസ്ഥാനമാണ് ഇതെന്ന് അഡ്വ. ഗിരിയോട് ജസ്റ്റിസ് നസീർ പറഞ്ഞത്. ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസ് വായിച്ചുവെന്ന് നിങ്ങളുടെ സർക്കാറിനോട് പറഞ്ഞേക്കൂ എന്നും അദ്ദേഹം തുടർന്നു.
''രണ്ട് വർഷത്തേക്ക് നിയമനം ലഭിച്ച വ്യക്തിക്ക് ജീവിതകാലം മുഴുവൻ പെൻഷൻ കൊടുക്കുന്ന ഏക സംസ്ഥാനമാണ് നിങ്ങളുടേത്. അതിന് കേരള സർക്കാറിന് കഴിയുമെങ്കിൽ ഇതിനും (ഡീസലിന് അധിക വില കൊടുക്കാനും) എന്തുകൊണ്ട് കഴിയില്ലേ? കേരളത്തിലെ ഉന്നതാധികാരികൾ പറഞ്ഞത് ഇക്കാര്യം സർക്കാറിനോട് പറഞ്ഞേക്കൂ എന്നാണ്. ഇന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതാണിത്''- ജസ്റ്റിസ് നസീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.