ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എം.പിമാരുടെ അവകാശലംഘന നോട്ടീസ്
text_fieldsന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്‍റിന്‍റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നൽകി. ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്തതിന്‍റെ പശ്ചാത്തലത്തിലാണിത്. എളമരം കരീം, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാർ, വി. ശിവദാസൻ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ.എം.ആരിഫ്, തോമസ് ചാഴികാടൻ എന്നിവർ സഭാ ചട്ടം 222 പ്രകാരം ലോക്സഭയിലുമാണു നോട്ടീസ് നൽകിയത്.
പ്രഫുൽ പട്ടേൽ ചുമതലയേറ്റ ശേഷം ലക്ഷദ്വീപിലുണ്ടായ പ്രശ്നങ്ങൾ പഠിക്കണമെന്ന ദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥനയെ തുടർന്നാണ് കേരളത്തിൽ നിന്നുള്ള എം.പിമാർ ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചത്. ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്തിയും പുതിയ പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുമായിരുന്നു തീരുമാനം.
ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന് കത്തു നൽകിയെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്ര മാറ്റിവയ്ക്കണമെന്ന നിർദേശമാണ് ലഭിച്ചത്. ഈനിലപാട് ദൗർഭാഗ്യകരവും പാർലമെന്‍റ് അംഗങ്ങൾക്കുള്ള അവകാശങ്ങളുടെ ലംഘനവുമാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. പിന്നീട് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ദ്വീപിൽ ഔദ്യോഗിക സന്ദർശനം നടത്താൻ അനുവദിക്കണമെന്ന് എം.പിമാർ സംയുക്തമായി ആവശ്യപ്പെടുകയും വീണ്ടും കത്ത് നൽകുകയും ചെയ്തു.
എന്നാൽ, ഈ കത്തിന് മറുപടി തരാൻ പോലും ദ്വീപ് ഭരണകൂടം തയാറായില്ലെന്ന് എം.പിമാർ നോട്ടീസിൽ പറയുന്നു. ഇത് പാർലമെന്‍റ് അംഗങ്ങളോടുള്ള അവഹേളനമാണ്. ഇക്കാര്യത്തിൽ അഡ്മിനിസ്ട്രേറ്ററോട് പാർലമെന്‍റ് വിശദീകരണം തേടണമെന്നും ഗുരുതര കൃത്യവിലോപം കാണിച്ച മുഴുവൻ ആളുകൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.