ഗുർമീതിനെ കുടുക്കിയത് സി.ബി.െഎയിലെ മലയാളി
text_fields
ന്യൂഡൽഹി: രാഷ്ട്രീയത്തിലും ഭരണകൂടത്തിലും സംരക്ഷകരും ലക്ഷക്കണക്കിന് അനുയായികളുമുണ്ടായിട്ടും ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിന് മുട്ടുമടക്കേണ്ടിവന്നത് ഒരു മലയാളി സി.ബി.െഎ ഉദ്യോഗസ്ഥന് മുന്നിൽ; കാസർകോട് സ്വദേശി മുലിഞ്ഞ നാരായണൻ. സബ് ഇൻസ്പെക്ടർ തസ്തികയിൽ നിന്ന് ജോയൻറ് ഡയറക്ടർ ആയി ഉയർന്ന നാരായണെൻറ നിശ്ചയദാർഢ്യത്തിന് മുന്നിലാണ് ദേര സച്ചാ സൗദ തലവെൻറയും സഹായികളുടെയും രാഷ്ട്രീയ, സാമ്പത്തിക സമ്മർദവും ഭീഷണിയും പ്രതിരോധമില്ലാതെ തകർന്നടിഞ്ഞത്.
കപ്പലണ്ടിയുടെ തോട് പൊളിക്കുന്നതുപോലെ എളുപ്പമല്ലായിരുന്നു, രാജ്യത്തെ പ്രബലനായ ആൾദൈവത്തെ ബലാത്സംഗക്കേസിൽ 15 വർഷത്തിനുശേഷം നീതിക്ക് മുന്നിലെത്തിക്കുക എന്നത്. 2002 സെപ്റ്റംബറിലാണ് പഞ്ചാബ്- ഹരിയാന ഹൈകോടതി കേസ് സി.ബി.െഎക്ക് വിട്ടത്. ഗുർമീതിെൻറ പ്രഭാവം കാരണം ആദ്യ അഞ്ചു വർഷം കേസിൽ ഒന്നും സംഭവിച്ചില്ല. ഒടുവിൽ, സ്വാധീനങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥന് കേസ് നൽകണമെന്ന് കോടതിക്ക് ഉത്തരവിടേണ്ടിവന്നു. 2002 ഡിസംബർ 12ന് കേസ് രജിസ്റ്റർ ചെയ്തു.
‘‘അക്കാലത്ത് സി.ബി.െഎയിലെ ഉന്നത ഒാഫിസർ എന്നോടു പറഞ്ഞു; തുടർ നടപടി വേണ്ട, കേസ് അവസാനിപ്പിക്കാനാണ് നിങ്ങൾക്ക് കൈമാറിയത്’’- നാരായണൻ ഒാർക്കുന്നു. പക്ഷേ, ആ സ്വാധീനത്തിന് വഴങ്ങാൻ നാരായണന് മനസ്സില്ലായിരുന്നു. സമ്മർദം തീർന്നില്ല. ഏറ്റവും ഉന്നതരായ രാഷ്ട്രീയ നേതാക്കൾ, ഹരിയാനയിലെ എം.പിമാർ... എല്ലാവരും വിളിച്ച് കേസ് മുന്നോട്ട്കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ടു. ഗുർമീതിെൻറ അനുയായികൾ ഭീഷണിപ്പെടുത്തി. അവർ തെൻറ വീട് കണ്ടെത്താൻ ശ്രമിച്ചു. പക്ഷേ, കോടതിയാണ് കേസ് കൈമാറിയത് എന്നത് തുണയായി. ആർക്കും വഴങ്ങേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കാനായി.
അന്വേഷണത്തിൽ നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. പരാതിക്കാരെ കണ്ടെത്തി മൊഴി എടുക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പരാതിക്കാരി 1999ൽ ആശ്രമം ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് കടന്നിരുന്നു. ഇവർ പഞ്ചാബിലെ ഹോഷിയാപുർ സ്വദേശിനിയാണെന്ന് ആദ്യം കെണ്ടത്തി. പിന്നീട് പ്രയാസപ്പെട്ട് വീടും കണ്ടെത്തി. അതിനുശേഷം ഒരു അച്ഛെൻറ സ്ഥാനത്ത് നിന്നാണ് ഇവരുമായി ഇടപെട്ടതെന്ന് നാരായണൻ പറയുന്നു.
അവർ മജിസ്ട്രേറ്റിന് മുന്നിൽ ക്രിമിനൽ നടപടിചട്ടം 164 പ്രകാരം മൊഴികൊടുത്തുവെന്ന് ഉറപ്പുവരുത്തി. അങ്ങനെ കേസ് ദുർബലപ്പെടില്ലെന്ന് ഉറപ്പുവരുത്തി. ഗുർമീതിനെ ചോദ്യം ചെയ്യാൻ ലഭിക്കുകയായിരുന്നു അടുത്ത വെല്ലുവിളി. ഒടുവിൽ അയാൾ അര മണിക്കൂർ സമയം തന്നു. പക്ഷേ, രണ്ടര മണിക്കൂർ ചോദ്യം ചെയ്തു. ‘‘സ്വാമിയാണെന്നാണ് സ്വയം കരുതുന്നതെങ്കിലും അയാൾക്ക് ഉള്ളിൽ ഭയമാണെന്ന് എെൻറ ഉള്ള് പറഞ്ഞു’’ -നാരായണൻ ഒാർക്കുന്നു. 38 വർഷത്തെ സർവിസിനുശേഷം 2009ൽ വിരമിച്ച നാരായണന് 1992 ൽ മികച്ചസേവനത്തിനുള്ള പൊലീസ് മെഡലും 1999ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.