മനുഷ്യ-വന്യജീവി സംഘർഷം: കർമപരിപാടിക്ക് സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: മനുഷ്യ-വന്യജീവി സംഘർഷം കുറക്കാനുള്ള കർമപരിപാടി തയാറാക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നിലമ്പൂർ എം.എൽ.എ പി.വി. അൻവർ സുപ്രീംകോടതിയിൽ. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രം പ്രത്യേക നിധി ഉണ്ടാക്കണമെന്നും സുപ്രീംകോടതി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു.
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിൽ മനുഷ്യ-വന്യജീവി സംഘർഷം കുറക്കാനുള്ള കർമപരിപാടി തയാറാക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപവത്കരിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ നാഷനൽ കോർപസ് ഫണ്ടിന് രൂപം കൊടുക്കണം. 2016നും 2023നും ഇടയിൽ കേരളത്തിൽ മാത്രം 909 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. കേന്ദ്ര സർക്കാർ നൽകിയ കണക്കുകൾ പ്രകാരം 13 സംസ്ഥാനങ്ങളിലായി 293 പേരാണ് 2018-22ൽ കടുവയുടെ ആക്രമണത്തിൽ മാത്രം മരിച്ചത്. 2018-23ൽ 16 സംസ്ഥാനങ്ങളിലായി 2657 പേരാണ് ആനകളുടെ ആക്രമണത്തിന് ഇരയായതെന്നും ഹരജിയിൽ പറയുന്നു. ചില വന്യജീവികളെ കൊല്ലേണ്ടി വരും. വന്ധ്യംകരണവും മറ്റ് ഗർഭനിരോധന മാർഗങ്ങളും ഉപയോഗിച്ച് ജനനനിരക്ക് നിയന്ത്രിക്കുകയും ചെയ്യാം. ഇതിനായി സമഗ്ര നയം തയാറാക്കുക, അക്രമകാരികളായ വന്യമൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുക, ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് വന്യജീവികളുടെ നീക്കം നിരീക്ഷിക്കുക എന്നീ ആവശ്യങ്ങളും ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.