കേരളത്തിലെ നിയമഭേദഗതി ക്രൂരം, വിയോജിപ്പുകളെ നിശബ്ദമാക്കും -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: കേരളത്തിൽ പൊലീസിന് അമിതാധികാരം നൽകുന്ന തരത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊലീസ് ആക്ട് ഭേദഗതിക്കെതിരെ കടുത്ത വിമർശനവുമായി പ്രമുഖ അഭിഭാഷകനും ജുഡീഷ്യൽ ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. നിയമഭേദഗതി ക്രൂരവും വിയോജിപ്പുകളെ നിശബ്ദമാക്കാൻ ഇടയാക്കുന്നതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
''അപകീർത്തികരമെന്ന് കരുതുന്ന സൈബർ ഇടപെടലുകൾക്ക് ജയിൽ ശിക്ഷ നൽകുന്ന തരത്തിൽ കേരളം പോലീസ് നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരമായ നിയമമാണ്. വിയോജിപ്പുകളെ നിശബ്ദമാക്കാൻ ദുരുപയോഗം ചെയ്യപ്പെടും. സുപ്രീം കോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പിന് സമാനമാണ് പുതിയ ഭേദഗതി'' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വ്യക്തികൾക്ക് അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും വിധമാണ് ഭേദഗതി. വാറൻറില്ലാതെതന്നെ അറസ്റ്റ് ചെയ്യാനും ഇനി പൊലീസിന് കഴിയും. ചട്ട ഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശനിയാഴ്ച ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിലായി. ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങി.
ഭേദഗതിക്കെതിരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ഇതിനകം വിമർശനം ഉയർന്നിട്ടുണ്ട്. സൈബർ ഇടങ്ങളിലെ അധിക്ഷേപം തടയാൻ എന്ന പേരിലാണ് നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും വിജ്ഞാപനത്തിൽ എല്ലാ തരം മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്. സൈബര്‍ മീഡിയ എന്ന് പ്രത്യേക പരാമര്‍ശമില്ല. ഇതുപ്രകാരം എത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് തന്നെ കൂച്ചുവിലങ്ങിടാൻ ഇടയാക്കുമെന്ന് പ്രതിപക്ഷവും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 'വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ ലക്ഷ്യമിട്ട് ഉള്ളടക്കം നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ' വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിൽ ഉൾക്കൊള്ളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.