റിപ്പബ്ലിക്ദിന ഫ്ലോട്ട് തള്ളിയതിനെതിരെ ബംഗാൾ, കേരളത്തിന് മൗനം
text_fieldsന്യൂഡൽഹി: റിപ്പബ്ലിക്ദിന പരേഡിൽ ശ്രീനാരായണ ഗുരുവിന്റെ ശിൽപം ഉൾപ്പെട്ട കേരളത്തിന്റെ നിശ്ചല ദൃശ്യം തള്ളിയതിനെതിരെ സംസ്ഥാന സർക്കാറിന് മൗനം. അതേസമയം, സുഭാഷ് ചന്ദ്ര ബോസിന്റെ സംഭാവന അനുസ്മരിക്കുന്ന നിശ്ചല ദൃശ്യം അകാരണമായി തള്ളിയതിൽ പരസ്യ പ്രതിഷേധവുമായി പശ്ചിമ ബംഗാൾ. കാരണം വിശദീകരിക്കാതെ ഫ്ലോട്ട് തള്ളിയതിനെതിരെ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവേളയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായ സുഭാഷ് ചന്ദ്ര ബോസിന്റെ സംഭാവനകൾ അനുസ്മരിച്ച് തയാറാക്കിയ ഫ്ലോട്ട് തള്ളിയത് ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് രണ്ടു പേജ് വരുന്ന കത്തിൽ മമത ബാനർജി ചോദിച്ചു. ഐ.എൻ.എ സ്ഥാപകനായ സുഭാഷ് ചന്ദ്ര ബോസിന്റെ 125ാം ജന്മവാർഷികവേളകൂടിയാണിത്. കേന്ദ്ര സർക്കാറിന്റെ തീരുമാനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. തീരുമാനം പുനഃപരിശോധിക്കണം. ഒരു കാരണവും കാണിക്കാതെയാണ് നിശ്ചല ദൃശ്യം തള്ളിയതെന്ന് മമത കൂട്ടിച്ചേർത്തു.
ചടയമംഗലത്തെ ജടായുപ്പാറയുടെ ദൃശ്യമാതൃകക്കൊപ്പം കേരളം തയാറാക്കിയ നിശ്ചല ദൃശ്യത്തിൽ ശങ്കരാചാര്യരുടെ ശിൽപം ഉൾക്കൊള്ളിക്കണമെന്ന നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിരുന്നു. മതേതര കേരളമെന്ന നിലയിൽ അതിനു തയാറാകാതെ ശ്രീനാരായണ ഗുരുവിന്റെ ശിൽപമാണ് കേരളം ഉൾപ്പെടുത്തിയത്. തൊട്ടുപിന്നാലെ കാരണമൊന്നും വിശദീകരിക്കാതെ കേരളത്തിന്റെ നിശ്ചല ദൃശ്യം കേന്ദ്രം വെട്ടി. ഇതിനെതിരെ ശിവഗിരി മഠം അടക്കം പരസ്യമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കേന്ദ്ര നടപടി ചോദ്യംചെയ്യാൻ കേരള സർക്കാർ തയാറായില്ല. ഇക്കൊല്ലത്തെ റിപ്പബ്ലിക്ദിന പരേഡിൽ നിശ്ചല ദൃശ്യം അവതരിപ്പിക്കുന്ന 11 സംസ്ഥാനങ്ങളിൽ എട്ടും ബി.ജെ.പി ഭരിക്കുന്നവയാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾക്ക് അനുമതി കിട്ടി. മഹാരാഷ്ട്രയുടേതും കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീരിന്റേതുമാണ് മറ്റു രണ്ടു ഫ്ലോട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.