മലയാളി സംഘടനകളും കെജ്രിവാളും അഭ്യർഥിച്ചു; ഡൽഹിക്ക് കേരളം ഓക്സിജൻ നൽകും
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനം ഓക്സിജൻ ദൗർലഭ്യത്തിൽ വലയുേമ്പാൾ ഓക്സിജൻ നൽകാൻ തയാറാണെന്ന് കേരളം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും മലയാളി സംഘടനകളുടെയും അഭ്യർഥനയെ തുടർന്നാണ് ഓക്സിജൻ കയറ്റി അയക്കാനുള്ള തീരുമാനം.
ഡൽഹിക്ക് ഓക്സിജൻ നൽകാൻ കേരളം തയാറാണെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളം ഡൽഹിക്ക് ഓക്സിജൻ നൽകാൻ തയാറാണ്. എന്നാൽ ഡൽഹിയിലേക്ക് എങ്ങനെ ഓക്സിജൻ കൊണ്ടുപോകുമെന്നതാണ് വെല്ലുവിളിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഓക്സിജൻ അയക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ചീഫ് സെക്രട്ടറി വിജയ് കുമാറുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിക്ക് ഓക്സിജൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും അരവിന്ദ് കെജ്രിവാൾ കത്തയച്ചിരുന്നു. കത്ത് കിട്ടിയതോടെ ഡൽഹിക്ക് ഓക്സിജൻ നൽകുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം. ഡൽഹിയിൽ കോവിഡ് സംബന്ധിച്ച ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേരള മുഖ്യമന്ത്രിയുടെ ഓഫിസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.
ഡൽഹിയിലെ മലയാളി സംഘടനയായ ജന സംസ്കൃതി ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് കത്തെഴുതിയിരുന്നു. ഡൽഹി മലയാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ മറ്റൊരു സംഘടനയായ ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി എന്നിവർക്ക് ഡൽഹി മലയാളികളുടെ കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഓക്സിജൻ സൗകര്യം ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
നേരത്തേ 20,000 ലിറ്റർ ലിക്വിഡ് ഒാക്സിജൻ ഗോവക്ക് നൽകിയിരുന്നു. ഇതിന് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.