ദേശീയ ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്; യു.പി ഏറ്റവും പിന്നിൽ
text_fieldsആരോഗ്യ മേഖലയിലെ പ്രവർത്തന മികവിന് വീണ്ടും കേരളത്തിന് അംഗീകാരം. നീതി ആയോഗിന്‍റെ ദേശീയ ആരോഗ്യ സൂചികയിൽ മറ്റ് സംസ്ഥാനങ്ങശള എല്ലാം പിന്തള്ളി കേരളം ഒന്നാമത്. അയല്‍ സംസ്ഥാനമായ തമിഴ്നാട് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി.
നീതി ആയോഗിന്‍റെ ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ് ആണ്. സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളത്തിന്‍റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
വിവിധ മേഖലകളിൽ സംസ്ഥാനത്തിന്‍റെ അനുഭവങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്‍റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം മുൻപന്തിയിലാണെന്നും സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും വിനോദ് കുമാർ പറഞ്ഞു.
'സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ആരോഗ്യ ഫലങ്ങളിൽ പുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനുമുള്ള ചുവടുവെപ്പാണ് ദേശീയ ആരോഗ്യ സൂചിക'. നീതി ആയോഗ് ട്വീറ്റ് ചെയ്തു. തമിഴ്‌നാടും തെലങ്കാനയും ആരോഗ്യ സൂചികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. 2019-2020ലെ ആരോഗ്യസൂചിക കണക്കിലെടുത്താണ് പ്രഖ്യാപനം. ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.