കേരളത്തിന്റെ വായ്പാപരിധി അപേക്ഷ വീഴ്ച മറയ്ക്കാൻ -കേന്ദ്രം
text_fieldsന്യൂഡൽഹി: കൂടുതൽ കടമെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ധനവിനിയോഗത്തിലെ സ്വന്തം കഴിവുകേടുകൾ മറച്ചുവെക്കാനാണെന്ന് കേന്ദ്രം.
അടുത്ത ബജറ്റ് ഫെബ്രുവരി ആദ്യം അവതരിപ്പിക്കണമെന്നിരിക്കെ, വിഭവസമാഹരണത്തിന് കടമെടുപ്പ് പരിധി ഉയർത്തണമെന്നും ഇതുമായി ബന്ധപ്പെട്ട ഇടക്കാല അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നുമുള്ള കേരളത്തിന്റെ വാദത്തോട് പ്രതികരിക്കവെ, അറ്റോണി ജനറൽ ആർ. വെങ്കട്ട രമണിയാണ് ഈ വാദമുഖം സുപ്രീംകോടതിയിൽ ഉയർത്തിയത്.
അതേസമയം, കേരളത്തിന്റെ ഇടക്കാല അപേക്ഷയിൽ കേന്ദ്രത്തോട് മറുപടി സമർപ്പിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവർ നിർദേശിച്ചു. കേസ് ഫെബ്രുവരി 13ന് പരിഗണിക്കാൻ മാറ്റി.
ബജറ്റിനുശേഷം ഇടക്കാല അപേക്ഷ അപ്രസക്തമാകുമെന്ന് ചൂണ്ടിക്കാട്ടി കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് വാദിച്ചത്.
അടിയന്തരമായി കേസ് പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കേരളം ഉന്നയിക്കുന്ന ആവശ്യങ്ങൾ സാമ്പത്തിക നിർവഹണ നയവുമായി ബന്ധപ്പെട്ടതാണെന്നും അറ്റോണി ജനറൽ പറഞ്ഞു.
ധനവിനിയോഗത്തിലുള്ള വീഴ്ചകൾ മറയ്ക്കാനാണ് കേരളം അടിയന്തരാവശ്യമെന്ന പേരിൽ അപേക്ഷയുമായി എത്തിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾക്കൊന്നും പ്രശ്നമുണ്ടാക്കാത്ത കേന്ദ്രനയമാണ് കേരളത്തിന് പ്രശ്നമുണ്ടാക്കുന്നതെന്നും എ.ജി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.