കേരളത്തിലെ തെരുവുനായ് പ്രശ്നം യാഥാർഥ്യം; പരിഹാരം വേണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേരളത്തിലെ തെരുവുനായ് പ്രശ്നം യാഥാർഥ്യമാണെന്നും പരിഹാരം കാണണമെന്നും സുപ്രീംകോടതി. കേസിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെ എല്ലാ കക്ഷികളോടും, പരിഹാരം സംബന്ധിച്ച നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് സെപ്റ്റംബർ 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി. ഇടക്കാല വിധി പുറപ്പെടുവിക്കുന്നതിന് മുമ്പായി ജസ്റ്റിസ് സിരിജഗൻ കമീഷനോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
കേരളത്തിൽ തെരുവുനായ്ക്കളുടെ അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. താനും നായ് സ്നേഹിയാണ്. എന്നാൽ, പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ട്. തെരുവുനായ്ക്കളെ പരിപാലിക്കണമെന്ന് ആവശ്യമുള്ളവർക്ക് അത് ചെയ്യാം. എന്നാൽ, വാക്സിൻ നൽകുന്നതും ആക്രമണത്തിന് ഇരയാകുന്നവരുടെ ചികിത്സയുമടക്കം പൂർണ ഉത്തരവാദിത്തം അവർ ഏറ്റെടുക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന വാക്കാൽ പരാമർശിച്ചു.
പേവിഷ ബാധ സ്ഥിരീകരിച്ചതും അക്രമകാരികളായതുമായ തെരുവുനായ്ക്കളെ ചട്ടങ്ങൾ പാലിച്ച് കൊന്നുകൂടേയെന്ന് കോടതി ആരാഞ്ഞു. ഇപ്പോഴത്തെ സാഹചര്യം പൊതു അടിയന്തരാവസ്ഥക്ക് സമാനമാണെന്നും അതിനാൽ സുപ്രീം കോടതി ഉടൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.