തമിഴ്നാടിന് കാവേരി ജലം: ഇടപെടില്ലെന്ന് സുപ്രീംകോടതി
text_fieldsബംഗളൂരു: കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ) വിധിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. സെപ്റ്റംബർ 13 മുതൽ 27 വരെ 15 ദിവസത്തിൽ ഈ വെള്ളം നൽകണമെന്നാണ് ഉത്തരവ്.
ഇതിനെതിരെ കർണാടക സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ജല മേഖലയിലും കാർഷിക മേഖലയിലുമുള്ള നിരവധി വിദഗ്ധർ അടങ്ങിയ സമിതിയാണിത്. എല്ലാ 15 ദിവസവും ബന്ധപ്പെട്ട സമിതികൾ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. മുതിർന്ന അഭിഭാഷകനായ മുകുൾ റോഹത്ഗി തമിഴ്നാടിനായും ശ്യാം ദിവാൻ കർണാടകക്ക് വേണ്ടിയും ഹാജരായി. സി.ഡബ്ല്യു.എം.എ ഉത്തരവ് പ്രകാരം കര്‍ണാടക തമിഴ്നാടിന് ജലം വിട്ടുകൊടുത്തു തുടങ്ങിയിരുന്നു.
ഇതിനെതിരെ നിരവധി കർഷക സംഘടനകളടക്കം സമരം നടത്തിയിരുന്നു. സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹവും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കർണാടകയിൽനിന്നുള്ള എം.പിമാരുമായും കേന്ദ്രമന്ത്രിമാരുമായും ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.