ഹാഥറസ് ദുരന്തം: പ്രധാനപ്രതിയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
text_fieldsനോയിഡ: ഉത്തർപ്രദേശിലെ ഹാഥറസിൽ ജൂലൈ രണ്ടിന് തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രധാനപ്രതിയായ ദേവപ്രകാശ് മധുകറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതേ കേസിൽ അറസ്റ്റിലായ സഞ്ജു യാദവിനെയും രണ്ടാഴ്ചത്തേക്ക് കസ്റ്റഡിൽ വിട്ടിട്ടുണ്ട്. ഡൽഹിയിലെ നജഫ്ഗഡിൽനിന്ന് വെള്ളിയാഴ്ച രാത്രിയാണ് ദേവപ്രകാശ് മധുകറിനെ പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതിയായ മധുകറിന്‍റെ പേര് മാത്രമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ‘അഞ്ജാതരായ സംഘാടകർ’ എന്നാണ് മറ്റുള്ളവരെ പരാമർശിക്കുന്നത്. സ്വയംപ്രഖ്യാപിത ആൾ ദൈവമായ ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ്പാൽ സിങ് നേതൃത്വം നൽകിയ പ്രാർഥനാ ചടങ്ങിനെത്തിയവരാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിലേറെയും സ്ത്രീകളാണ്. ബാബയുടെ കാൽചുവട്ടിലെ മണ്ണ് എടുക്കാനുള്ള തിരക്കിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ റിട്ടയേഡ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഭോലെ ബാബ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ആഗ്ര അഡീഷനൽ ഡി.ജി.പി അനുപം കുലശ്രേഷ്ഠ പറഞ്ഞു. സമ്മേളനത്തിന്റെ സംഘാടകരായ രണ്ട് വനിതകൾ ഉൾപ്പടെ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.