അന്ന് ആക്രി വിറ്റ് നടന്നു, ഇന്ന് സ്വന്തം നാട്ടുകാർക്ക് 350 കോടിയുടെ പദ്ധതികൾ!! അറിയാം കെ.ജി.എഫ് ബാബു എന്ന യൂസുഫ് ശരീഫിനെ
text_fieldsബംഗളൂരു: യൂസുഫ് ശരീഫ് എന്ന കെ.ജി.എഫ് ബാബു ജനപ്രതിനിധി അല്ല, എന്തിനേറെ പ്രമുഖ രാഷ്ട്രീയ നേതാവുപോലുമല്ല. കർണാകയിൽ പണ്ട് ആക്രി വിറ്റു നടന്ന, ഇപ്പോൾ കോടീശ്വരനായ ഒരു വൻവ്യവസായി മാത്രം. കുറേയായി അദ്ദേഹത്തിന് താൻ താമസിക്കുന്ന ചിക്പേട്ടിനെ 'അത്രയധികം' ഇഷ്ടമാണ്. എത്രത്തോളമെന്നാൽ തന്‍റെ സമ്പാദ്യത്തിൽ നിന്ന് ചിക്പേട്ട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾക്കായി 350 കോടി നൽകാൻ തയാറെണന്നാണ് ഇദ്ദേഹത്തിന്‍റെ പ്രഖ്യാപനം. എൻഫാഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നടപടി അടുത്തിടെ നേരിട്ടിരുന്നു. എന്നാൽ, തന്‍റെ കൈകൾ ശുദ്ധമാണെന്നും കോൺഗ്രസുകാരനായതിനാലാണ് തന്നെ വേട്ടയാടുന്നതെന്നുമായിരുന്നു വിശദീകരണം.
മണ്ഡലത്തിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച നോട്ടീസ് കെ.ജി.എഫ് ബാബു ഇറക്കിയിട്ടുണ്ട്. അയ്യായിരം രൂപ വീതം മണ്ഡലത്തിലെ എല്ലാ വീടുകളിലും നൽകും. 2022 മുതൽ 2027 വരെയുള്ള അഞ്ച് വർഷ വിദ്യാഭ്യാസ സാമൂഹികക്ഷേമ പദ്ധതികളുടെ വിവരങ്ങൾ നോട്ടീസിലുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ബംഗളൂരുവിലെ മില്ലേഴ്സ് റോഡിലെ തന്‍റെ കൊട്ടാരസമാനമായ വീട്ടിൽ ഇതുസംബന്ധിച്ച തിരക്കിലാണ് ഇദ്ദേഹം. ചെക്ക് വിതരണം ഏത് രൂപത്തിൽ വേണമെന്നതടക്കമുള്ള കാര്യങ്ങളിൽ അദ്ദേഹവും അനുയായികളും ചർച്ചയിലാണ്.
രാഷ്ട്രീയമായി കോൺഗ്രസുകാരനാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടല്ല തന്‍റെ പ്രവർത്തനമെന്നും താൻ വളർന്ന നാടിന് എന്തെങ്കിലും തിരിച്ചുകൊടുക്കണമെന്നും ഇതിനാലാണ് സാമൂഹികപ്രവർത്തനമെന്നും ഇദ്ദേഹം പറയുന്നു. ഏറെ വർഷങ്ങളായി ഇത് ചെയ്യുന്നു. എന്നാൽ ഇപ്പോഴാണ് നിങ്ങൾ ഇതറിയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എം.എൽ.സി തെരഞ്ഞെടുപ്പിൽ ബംഗളൂരു അർബൻ സീറ്റിൽ സ്ഥാനാർഥിയായിരുന്ന അദ്ദേഹം തന്‍റെ സത്യവാങ്മൂലത്തിൽ സമർപ്പിച്ച 1743 കോടിയുടെ സ്വത്ത്വിവരം പുറത്തറിഞ്ഞപ്പോഴാണ് ഇദ്ദേഹം പ്രശസ്തിയിലേക്ക് വന്നത്. 1200 കോടി സ്വത്തുണ്ടായിരുന്ന കർണാടക മന്ത്രി എം.ടി.ബി നാഗരാജിനെ പിന്തള്ളി യൂസുഫ് ശരീഫ് കർണാടകയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരനായി മാറി. 397 വോട്ടിന് എം.എൽ.സി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
ൈപ്രമറി സെകൻഡറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ഉള്ള ചിക്പേട്ടിലെ 50,000 കുടുംബങ്ങൾക്കായി 5000 രൂപയുെട ചെക്ക് വീതമാണ് നൽകുക. ഇത്തരത്തിൽ അഞ്ചുവർഷത്തേക്ക് 125 കോടി ചെലവഴിക്കും. പ്രീയൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും 5000 രൂപ വീതം നൽകും. ഇതിനായി 7.5 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. തെരുവിൽ കഴിയുന്നവർക്കും ചേരി നിവാസികൾക്കുമായി വൻസൗകര്യങ്ങളുള്ള ഫ്ലാറ്റുകൾ പണിയാനായി 180 കോടി വകയിരുത്തി. നിലവിൽ ഭൂമി ഉള്ളവർക്ക് ആറ് ലക്ഷം രൂപ ചെലവിലാണ് വീട് പണിതുനൽകുക.
സ്ക്രാപ് ബാബു എന്ന കെ.ജി.എഫ് ബാബു
കേലാറിലെ കോലാർ ഗോൾഡ് ഫീൽഡിൽ (കെ.ജി.എഫ്) നിന്നുള്ളയാളാണ് ഇദ്ദേഹമെന്നതിനാലാണ് കെ.ജി.എഫ് ബാബു എന്ന പേര് വന്നത്. റിയൽഎസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുന്നതിന് മുമ്പ് സ്ക്രാപ് കച്ചവടക്കാരനായിരുന്നു. ഇതിനാൽ 'സ്ക്രാപ് ബാബു' എന്ന പേരും കിട്ടിയിട്ടുണ്ട്. 14 സഹോദരങ്ങൾക്കൊപ്പമാണ് യൂസുഫ് ശരീഫും കുടുംബവും താമസിക്കുന്നത്.
ദരിദ്രചുറ്റുപാടിൽനിന്ന് ഉയർന്നുവന്നയാളാണ്. കുടുംബത്തിന്‍റെ ബേക്കറി ബിസിനസ് തകർന്നതിന് ശേഷം ഇദ്ദേഹത്തിന്‍റെ പിതാവ് ഓട്ടോറിക്ഷ ഓടിച്ചായിരുന്നു കുടുംബം പോറ്റിയിരുന്നത്. അന്ന് ഒരു നേരത്തേ ആഹാരത്തിന് പോലും തങ്ങൾ കഷ്ടപ്പെട്ടിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. കോലാർ ഗോൾഡ് ഫീൽഡിൽ സ്ക്രാപ്പ് ബിസിനസിലേക്കും പിന്നീട് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും തിരിഞ്ഞതോടെയാണ് ശരീഫ് കോടീശ്വരനാകുന്നത്. അമിതാഭ് ബച്ചന്‍റെ റോൾസ് റോയ്സ് ഫാന്‍റം കാർ ഇദ്ദേഹം സ്വന്തമാക്കിയതും ഏറെ ശ്രദ്ധനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.