'യസാ, താഹാ, മർയം... ഉപ്പ നിങ്ങളെ എന്നുമോർക്കുന്നുണ്ട്, ഒരുപാടിഷ്ടം...'
text_fields'യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ്' എന്ന വെറുപ്പ് വിരുദ്ധ കൂട്ടായ്മയുടെ സ്ഥാപകരിലൊരാളായ സാമൂഹികപ്രവർത്തകൻ ഖാലിദ് സൈഫിയെ 2020 ഫെബ്രുവരിയിലാണ് ഡൽഹി പൊലീസ് തടവിലാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കവെ സമുദായങ്ങൾക്കിടയിൽ സമാധാനം ഉറപ്പാക്കാനും ഡൽഹി വംശീയാതിക്രമവേളയിൽ ഇരകൾക്ക് വൈദ്യസഹായമെത്തിക്കാനും സജീവമായി പ്രവർത്തിച്ച സൈഫിക്കെതിരെ കലാപക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിൽ വെച്ച് കൊടുംപീഡനത്തിനിരയായ അദ്ദേഹം ബാൻഡേജുകളുമായി വീൽചെയറിൽ നീങ്ങുന്ന ചിത്രവും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും യു.എ.പി.എ നിയമപ്രകാരം ബന്ധനത്തിൽ തുടരുന്ന ഖാലിദ് സൈഫി തടവറയിൽ നിന്നെഴുതിയ കത്താണിത്:
സ്നേഹം നിറഞ്ഞ നർഗീസിനും മക്കൾക്കും പ്രിയ സുഹൃത്തുക്കൾക്കും സലാം,
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്കാണ് നാലാം നമ്പർ വാർഡിലേക്ക്എന്നെ അയച്ചത്. മധ്യാഹ്ന, സായാഹ്ന, പ്രദോഷ നമസ്കാരങ്ങൾ അവിടുത്തെ പള്ളിയിലാണ് നിർവഹിച്ചിരുന്നത്. അവിടെ എല്ലാവരും എന്നോട് നമസ്കാരത്തിന് നേതൃത്വം നൽകാൻ പറഞ്ഞു. നമസ്കാരത്തിന് നേതൃത്വം നൽകിയിരുന്ന അന്തേവാസി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനാൽ ഞാനാണ് ആ ഒഴിവ് നികത്തുന്നത്.
ജയിലിലെ ചില ഉദ്യോഗസ്ഥരും സുഹൃത്തുക്കളും ചേർന്ന് പള്ളിയുടെ ചാരത്ത് കുറച്ച് ചെടിക്കമ്പുകൾ കുത്തിയിരുന്നു. നമസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാം നിൽക്കുന്നതിന് തൊട്ടടുത്തായി വെളുത്ത പനിനീർപൂക്കളുടെ ചെടികളാണുള്ളത്. ഞാനിവിടെ വരുേമ്പാൾ ഏതാനും ചില റോസാ മൊട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും പൂവിട്ടിരുന്നില്ല. ഇപ്പോൾ അവയെല്ലാം പുഷ്പിച്ചിരിക്കുന്നു. വെള്ളപ്പൂക്കൾ കൊണ്ട് ആ ഭാഗമാകെ നിറഞ്ഞിരിക്കുന്നു.
കാലം മാറുന്നതിനൊപ്പം ഈ പൂക്കളുടെ നിറത്തിൽ മാറ്റം വരും. പൂമൊട്ടായിരുന്ന സമയത്ത് അതിന് കടുംപിങ്ക് നിറമായിരുന്നു. അൽപം വിടർന്ന ഘട്ടത്തിൽ ലോലസുന്ദരമായ പിങ്ക് നിറമായി. മുഴുവൻ വിരിഞ്ഞു കഴിഞ്ഞപ്പോൾ അത് കണ്ണഞ്ചിക്കുന്ന തൂവെള്ള നിറമായി. ചുരുങ്ങിയ നാളുകൾ കൊണ്ടാണ് ഏവരെയും ആകർഷിക്കും വിധം പൂക്കൾ നിറഞ്ഞത്. ഇടക്കൊക്കെ നമസ്കാരശേഷം പടച്ച തമ്പുരാെൻറ ഈ കൗതുകസൃഷ്ടിയിൽ നോക്കി ഞാനിരിക്കും. ഓരോ തവണ അതിലേക്ക് കണ്ണുപായിക്കുേമ്പാഴും ഓർമകൾ അതിലേറിയെത്തും. ഒരു പൂവ് ഉമ്മയെക്കുറിച്ചുള്ള ഓർമകളാണ്കൊണ്ടുത്തരികയെങ്കിൽ മറ്റൊന്ന് ഭാര്യയേയും കുഞ്ഞുങ്ങളേയും ഓർമയിലെത്തിക്കും. ഒരു കൊമ്പിൽ നാല് പൂക്കളെ ഒരുമിച്ച് കണ്ടപ്പോൾ പ്രിയതമ നർഗീസിനെയും പൊന്നുമക്കൾ യാസ, താഹ, മർയം എന്നിവരെയും കാണുന്നതു പോലെ തോന്നി.
ആ പൂക്കൾ മൂന്ന് നാല് ദിവസം വിടർന്ന് വിലസി നിൽക്കും. പിന്നെ ക്രമേണ വാടിക്കരിഞ്ഞ് ഇതളറ്റു വീഴും. പൂക്കൾ അറ്റുവീഴുന്നത് കാണുേമ്പാഴുള്ള സങ്കടം പറഞ്ഞറിയിക്കാനാവില്ല. ഞാൻ നേരത്തേ പറഞ്ഞ ആ നാല് പൂക്കൾ വാടിവീണ ദിവസം എെൻറ കണ്ണുകൾ നിറഞ്ഞുപോയിരുന്നു. എെൻറ ജീവിതകഥക്ക് അവ സാക്ഷ്യം വഹിക്കുന്നതുപോലെ തോന്നി. മുമ്പ് നമ്മളൊന്നിച്ച് ഒരു കുടുംബമായി എത്ര സന്തോഷത്തിലും ഉല്ലാസത്തിലുമാണ് കഴിഞ്ഞുപോന്നത്. പൊടുന്നനെയാണ് സങ്കടം നമ്മെ പിടികൂടുന്നതും എല്ലാം തരിശായി മാറുന്നതും. സന്തോഷവും കളിചിരികളും മുറ്റിനിന്ന എെൻറ ജീവിതം എങ്ങനെ ഇതുപോലെയായി മാറി എന്ന് ഒരുപാട് നേരം ഇരുന്നാലോചിച്ചു.
പിറ്റേ ദിവസം നമസ്കാരത്തിൽ സുജൂദ് (സാഷ്ടാംഗം) നിർവഹിക്കെ അതുല്യമായ ഒരു സൗരഭ്യം എന്നിലേക്ക് ഒഴുകിയെത്തി. എഴുന്ന് നിൽക്കവേ അടർന്നു വീണ റോസാ ദളങ്ങൾ ഒരു വെളുത്ത വിരിപ്പ് പോലെ എെൻറ കാലടിയിൽ നിറഞ്ഞു. സുഗന്ധം എെൻറ ഉള്ളിലാകെ പടർന്നു. അതു കണ്ടതും ഞാൻ പുഞ്ചിരിച്ചുപോയി. പടച്ച തമ്പുരാെൻറ കലാവൈഭവം എത്ര വിസ്മയാവഹമാണെന്ന് വാനലോകത്തേക്ക് നോക്കിപ്പറഞ്ഞു. മുള്ളുകൾക്കിടയിൽ നിൽക്കുേമ്പാഴും സ്നേഹത്തിെൻറയും സന്തോഷത്തിെൻറയും സന്ദേശമായി മനോഹരപുഷ്പത്തെ സംവിധാനിച്ചത് തന്നെ അതിനു തെളിവല്ലേ? സുഗന്ധവും സന്തോഷവും പരത്തി നിലനിന്ന ശേഷം ഇല്ലാതാകുേമ്പാഴും അവ ചുറ്റുമുള്ളവരിൽ സന്തോഷവും സൗന്ദര്യവും നിറക്കുന്നത് നോക്കൂ.
ഞാൻ എന്നോട് തന്നെ പറഞ്ഞു: ''ഖാലിദ്, ജീവിതം ഇതുപോലെ, ഈ പൂക്കളെപ്പോലെയാവണം. ഏതു പരീക്ഷണങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിലാണെങ്കിലും ഒരാൾക്ക് സത്യസന്ധതയും ആർജവവും നിലനിർത്താൻ കഴിയണം, പുഞ്ചിരിയോടെ മറ്റുള്ളവർക്ക് സാന്ത്വനം പകരാനുമാവണം. ദുഃഖത്തിെൻറയും പ്രയാസങ്ങളുടെയും ഉള്ളിൽ കിടന്നു പിടയുേമ്പാഴും നിങ്ങൾ ഒറ്റക്കല്ലായെന്നും ഒരുപാടു പേർ പ്രാർഥനകളും കരുതലുകളുമായി ഒപ്പമുണ്ടെന്നും ഓർക്കണം. ജീവിതം അവസാനിക്കുന്ന ഘട്ടത്തിലും അതു മാത്രമാണ് ആലോചിക്കേണ്ടത്- നിങ്ങൾ വേർപെട്ടുപോകുേമ്പാഴും മറ്റുള്ളവർക്ക് ഉപകാരവും സന്തോഷവും ചൊരിഞ്ഞു കൊണ്ടായിരിക്കണം എന്ന്.
രണ്ടു മൂന്ന് ദിവസത്തേക്ക് നിരാശയിൽ നിന്ന് പ്രത്യാശയിലേക്ക് കൊണ്ടുപോകുന്ന ഇത്തരം ചിന്തകളായിരുന്നു മനസ്സു മുഴുക്കെ. അധിക ദിവസം പിന്നിട്ടില്ല, ആ കുറ്റിച്ചെടിക്കൂട്ടത്തിൽ പുതിയ പൂമൊട്ടുകൾ പ്രത്യക്ഷപ്പെട്ടു. അതെന്നിൽ എത്രമാത്രം സന്തോഷം നിറച്ചെന്ന് പറയേണ്ടതില്ലേല്ലാ. പെട്ടെന്ന് ഖുർആനിലെ ഒരു വാക്യം മനസ്സിലെത്തി: 94ാം അധ്യായത്തിലെ 'ഞെരുക്കത്തിനൊപ്പം എളുപ്പമുണ്ട്' എന്ന സന്ദേശം. തീർച്ചയായും എന്തൊക്കെ അസൗകര്യങ്ങൾക്കിടയിലും ആശ്വാസവും സൗഖ്യവുമുണ്ട്.
ജീവിതത്തിെൻറ സുപ്രധാനമായ തത്വശാസ്ത്രം മനസ്സിലാക്കാൻ ഈ 12 മാസക്കാലം എനിക്ക് സഹായകമായി. മനസ്സ് സങ്കടത്തിലേക്കും നിരാശയിലേക്കും വീഴാൻ തുടങ്ങുേമ്പാഴൊക്കെ ഞാൻ ആ പനിനീർച്ചെടികളിലേക്ക് നോക്കും. അതിനരികിലാണ് ഇപ്പോഴെെൻറ ഇരിപ്പ്. എെൻറ സുഹൃത്തും ഗുരുവുമാണ് ഇപ്പോൾ ആ പൂച്ചെടി.ഒരുപാടു നീണ്ട കത്തെഴുതാൻ എനിക്കിവിടെ അനുമതിയില്ല. പക്ഷേ, ഒരുപാടു കാര്യങ്ങൾ എഴുതാനുണ്ടുതാനും. ദൈവം വേണ്ടുക തന്നാൽ പിന്നെയൊരിക്കൽ എഴുതാം. എല്ലാവർക്കും എെൻറ സലാമും അന്വേഷണങ്ങളും. നിങ്ങളുടെ പ്രാർഥനകളിൽ എന്നെക്കൂടി ഉൾപ്പെടുത്താൻ മറക്കരുത്.
യസാ, താഹാ, മർയം... ഉപ്പ നിങ്ങളെ എന്നുമോർക്കുന്നുണ്ട്, ഒരുപാടിഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.