ഖാലിസ്താൻ നേതാവിന്റെ വധശ്രമ കേസിൽ; ഇന്ത്യയെ പ്രതിക്കൂട്ടിലാക്കി അമേരിക്ക
text_fieldsന്യൂഡൽഹി: ഖാലിസ്താൻ അനുകൂല സിഖ് സംഘടന നേതാവ് ഗുർപട്വന്ത് സിങ് പന്നുവിനെ വധിക്കാൻ നടന്ന ഗൂഢാലോചനയുടെ സൂത്രധാരനായി ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനെ പ്രതിയാക്കി അമേരിക്ക. സംഭവത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ.
ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനാണ് ഗുർപട്വന്ത് സിങ് പന്നുവിനു നേരെ നടത്തിയ വധശ്രമത്തിന്റെ സൂത്രധാരനെന്ന് അമേരിക്കൻ ജസ്റ്റിസ് വിഭാഗം പരസ്യപ്പെടുത്തിയ റിപ്പോർട്ടിലാണ് പറഞ്ഞത്. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്തയെന്നയാളെ കരാർ കൊലയാളിയായി വാടകക്ക് എടുത്തു. 15,000 ഡോളർ മുൻകൂറായി നൽകി. കരാർ കൊലക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിന്റെ ഭാഗമായി ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം ഇയാൾക്കെതിരായ ക്രിമിനൽ കേസ് ഗുജറാത്ത് പൊലീസ് ഒഴിവാക്കിക്കൊടുത്തതായും റിപ്പോർട്ടിലുണ്ട്. സർദീപ് സിങ് നിജ്ജറുടെ വധത്തിനു പിന്നിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാരാണ് പ്രവർത്തിച്ചതെന്ന് കാനഡ കുറ്റപ്പെടുത്തിയിരുന്നു. പന്നുവിനും നിജ്ജറിനുമെതിരായ നീക്കങ്ങൾക്ക് പരസ്പര ബന്ധമുണ്ടെന്നും യു.എസ് അറ്റോണി ഡാമിയൻ വില്യംസ് പുറത്തിറക്കിയ പ്രസ്താവനയിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂയോർക് സിറ്റിയിൽ പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചന നിഖിൽ ഗുപ്ത നടത്തിയത് ഇന്ത്യയിൽനിന്നാണ്. ഇന്ത്യൻ വംശജനായ പന്നു അമേരിക്കൻ പൗരനാണ്. സിഖുകാരുടെ പരമാധികാര രാഷ്ട്രത്തിനു വേണ്ടി വാദിക്കുന്നയാളാണ്. അമേരിക്കൻ പൗരനെ അമേരിക്കൻ മണ്ണിൽ വധിക്കാനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല. അമേരിക്കക്കാരെ അമേരിക്കയിലോ പുറത്തോ വെച്ച് അപായപ്പെടുത്താനോ നിശ്ശബ്ദരാക്കാനോ ശ്രമിക്കുന്ന ആരെക്കുറിച്ചും അന്വേഷിക്കുകയും കുറ്റവിചാരണ നടത്തുകയും ചെയ്യും. നിഖിൽ ഗുപ്തയെ ചെക് റിപ്പബ്ലിക്കിൽ ജൂൺ 30ന് അറസ്റ്റുചെയ്തു. യു.എസിന് കൈമാറിക്കിട്ടാനുള്ള നടപടികൾ തുടരുകയാണെന്നും യു.എസ് അറ്റോണി പറഞ്ഞു. വിവരം ഇന്ത്യയെ യു.എസ് ഔപചാരികമായി അറിയിക്കുകയും ചെയ്തു.
വിവിധ ഭീകരചെയ്തികൾക്ക് ഇന്ത്യൻ അന്വേഷണ ഏജൻസികൾ തേടുന്ന ‘സിഖ് ഫോർ ജസ്റ്റിസ്’ സംഘടന നേതാവാണ് പന്നു. പന്നുവിനെ വധിക്കാനുള്ള പദ്ധതി യു.എസ് അധികൃതർ വിഫലമാക്കിയെന്ന് ഫിനാൻഷ്യൽ ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സി.ഐ.എ ഡയറക്ടർ വില്യം ബേൺസ്, നാഷനൽ ഇന്റലിജൻസ് ഡയറക്ടർ ആവ്റിൽ ഹെയ്നസ് എന്നിവരെ ആഗസ്റ്റിലും സെപ്റ്റംബറിലുമായി ഇന്ത്യയിലേക്ക് അയക്കുകയും വിശദാന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനെ അമേരിക്ക പ്രതിയാക്കിയതിൽ കേന്ദ്രസർക്കാർ ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇന്ത്യ നിയോഗിച്ച ഉന്നതതല അന്വേഷണ സമിതി കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
സംഘടിത കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, തീവ്രവാദം എന്നിവയുടെ കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ഗൂഢസംഘം ഉണ്ടാകുന്നത് അന്വേഷണ ഏജൻസികൾ പരിശോധിക്കേണ്ട ഗുരുതര വിഷയമാണ്. ഇതു മുൻനിർത്തിയാണ് ഉന്നതതല അന്വേഷണ സമിതി രൂപവത്കരിച്ചത്. അവർ നൽകുന്ന റിപ്പോർട്ട് മുൻനിർത്തി തുടർനടപടി സ്വീകരിക്കും. അമേരിക്ക ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ദേശസുരക്ഷ താൽപര്യങ്ങളും വിഷയത്തിൽ അടങ്ങിയിട്ടുണ്ട്. സുരക്ഷ വിഷയങ്ങളിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ കഴിയില്ലെന്നും ബഗ്ചി കൂട്ടിച്ചേർത്തു. ഖാലിസ്താൻവാദ നേതാവ് ഹർദീപ്സിങ് നിജ്ജറെ വധിക്കുന്നതിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കാളിത്തമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംശയം പ്രകടിപ്പിച്ചത് ഇന്ത്യ-കാനഡ ബന്ധങ്ങൾ വഷളാക്കിയിരിക്കെയാണ്, അമേരിക്കയിൽ നിന്നുള്ള ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.