ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃതപാൽ സിങ് എം.പിയുടെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; ഗൂഢാലോചനയെന്ന് പിതാവ്
text_fieldsലുധിയാന: ജയിലിൽ കഴിയവെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃതപാൽ സിങ്ങിന്റെ സഹോദരൻ ഹർപ്രീത് സിങ് മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. നാല് ഗ്രാം മെത്താംഫെറ്റമിനുമായി ലവ്പ്രീത് സിങ്, സന്ദീപ് അറോറ എന്നിവർക്കൊപ്പമാണ് ജലന്തർ റൂറൽ പൊലീസ് ഹർപ്രീതിനെ അറസ്റ്റ് ചെയ്തത്. ലുധിയാനയിലേക്കുള്ള യാത്രക്കിടെ ജലന്തർ-പാനിപ്പത്ത് ദേശീയപാതയിൽ ഫില്ലോറിൽനിന്നാണ് ഇരുവരും പിടിയിലാകുന്നത്.
അതേസമയം, ഇത് തന്റെ കുടുംബത്തിനും അമൃതപാൽ സിങ്ങിനെ പിന്തുണക്കുന്നവർക്കും എതിരായ ഗൂഢാലോചനയാണെന്ന് ഹർപ്രീത് സിങ്ങിന്റെ പിതാവ് ടർസേം സിങ് ആരോപിച്ചു. ‘ഞങ്ങളെ അപകീർത്തിപ്പെടുത്താൻ സർക്കാരിന് ഇത്തരം ഗൂഢാലോചന നടത്താൻ കഴിയുമെന്നറിയാം. തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് സർക്കാരുകൾ ഇത് ചെയ്യുന്നത്. യുവാക്കളെ രക്ഷിക്കുക എന്ന അമൃതപാൽ സിങ്ങിന്റെ ദൗത്യം പരാജയപ്പെടുത്തുകയും ബണ്ടി സിങ്ങുമാരുടെ മോചനത്തിന് തടസ്സം സൃഷ്ടിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ബണ്ടി സിങ്ങുമാരുടെ മോചനത്തിനായി ഇന്ന് ബഗപുരാനയിൽ ഒരു മാർച്ച് നിശ്ചയിച്ചതായിരുന്നു. ഹർപ്രീത് സിങ്ങും ഇതിൽ പങ്കെടുക്കാനിരുന്നതാണ്. എന്നാൽ, സർക്കാർ ഇത്തരം പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് ഗൂഢാലോചന നടന്നത്. മുമ്പും സർക്കാർ വ്യാജ കേസുകൾ എടുത്തിട്ടുണ്ട്. സിക്കുകാരെ വ്യാജ ഏറ്റുമുട്ടലുകളിൽ വധിക്കുക പോലുമുണ്ടായി’ -എന്നിങ്ങനെയായിരുന്നു ടർസേം സിങ്ങിന്റെ ആരോപണം.
ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ അമൃതപാൽ സിങ് നിലവിൽ അസമിലെ ദിബ്രുഗഢിലെ ജയിലിലാണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേക അനുമതിയോടെ അദ്ദേഹം ഡൽഹിയിലെത്തിയിരുന്നു. ജയിലിലിരിക്കെ ഖദൂർ സാഹിബ് മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ അമൃതപാൽ സിങ് കോൺഗ്രസിലെ കുൽബീർ സിങ് സിറയെ രണ്ട് ലക്ഷത്തോളം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്സഭാംഗമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.