കർഷകസമരത്തിൽ ഖലിസ്താനികളെന്ന് അറ്റോണി ജനറൽ
text_fieldsന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷകസമരത്തിൽ ഖലിസ്താൻ തീവ്രവാദികളുണ്ടെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗേപാൽ സുപ്രീംകോടതിയിൽ ആരോപിച്ചു. ആരോപണം മുഖവിലക്കെടുത്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇക്കാര്യം സത്യവാങ്മൂലമായി സമർപ്പിക്കാൻ വേണുഗോപാലിനോട് ആവശ്യപ്പെട്ടു. റിപ്പബ്ലിക്ദിനത്തിൽ കർഷകർ നടത്തുമെന്ന് പ്രഖ്യാപിച്ച കിസാൻ പരേഡ് തടയണമെന്ന ആവശ്യവും കേന്ദ്ര സർക്കാറിനുവേണ്ടി എ.ജി മുന്നോട്ടുവെച്ചു. ഖലിസ്താൻ നുഴഞ്ഞുകയറ്റവും കിസാൻ പരേഡും തിങ്കളാഴ്ച പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സർക്കാർ പക്ഷത്തുനിന്ന് വാദിച്ച മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും കർഷകസമരക്കാരിൽ നിരോധിത സംഘടനകളുടെ ആളുകളുണ്ടെന്ന് പറഞ്ഞ കാര്യം ചീഫ് ജസ്റ്റിസ് വേണുഗോപാലിെൻറ ശ്രദ്ധയിൽപെടുത്തി. ഇക്കാര്യം ഉറപ്പിപ്പിച്ചുപറയുമോ നിഷേധിക്കുമോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഖലിസ്താൻ തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നായിരുന്നു വേണുഗോപാലിെൻറ മറുപടി. എങ്കിൽ അക്കാര്യം രേഖാമൂലം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
സത്യവാങ്മൂലം സമർപ്പിക്കാമെന്ന് വേണുഗോപാൽ പ്രതികരിച്ചപ്പോൾ ബുധനാഴ്ചതന്നെ വേണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. റിപ്പബ്ലിക്ദിനത്തിൽ ഡൽഹിയിലുടനീളം വൻ സുരക്ഷാ സന്നാഹമായിരിക്കുമെന്ന് എ.ജി േവണുഗോപാൽ ചൂണ്ടിക്കാട്ടി. ഡൽഹിയുടെ പാലങ്ങളിലും മേൽപാലങ്ങളിലുമെല്ലാം പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ടാകും. അതിനാൽ ലക്ഷക്കണക്കിനാളുകളെ ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല. ഡൽഹിയിലേക്ക് എത്രയാളുകൾ പ്രവേശിക്കണമെന്നും അവർ സായുധരാണോ എന്നുമൊക്കെ പൊലീസിെൻറ അധികാരത്തിലുള്ള കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു.
അതിനുള്ള അധികാരം പൊലീസ് ഉപയോഗിക്കുകയാണ് വേണ്ടത്. ഉത്തരവിെൻറ ആവശ്യമില്ല. ക്രമസമാധാനപാലനത്തിന് നിങ്ങൾക്ക് അധികാരമുണ്ട്. ഇൗ വിഷയത്തിൽ പൊലീസിന് വേണ്ടത് ചെയ്യാമെന്നും ആദ്യനാൾ തൊട്ട് പറയുന്നതാണെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി. റിപ്പബ്ലിക്ദിനത്തിൽ കിസാൻ പരേഡ് തടയണമെന്ന് ആവശ്യപ്പെട്ട് പുതിയ അപേക്ഷ ഡൽഹി പൊലീസ് സമർപ്പിച്ച കാര്യം എ.ജി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കർഷക യൂനിയനുകൾക്ക് നോട്ടീസ് അയക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞേപ്പാൾ ബുധനാഴ്ച മറുപടി നൽകാൻ നിർദേശിക്കണമെന്ന് എ.ജി ആവശ്യപ്പെട്ടു. തിങ്കളാഴ്ചക്ക് മറുപടി നൽകാൻ ആവശ്യപ്പെടാമെന്നും അന്ന് ഇൗ വിഷയവും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
കർഷകരുെട അഭിഭാഷകർ ഹാജരായില്ല
ന്യൂഡൽഹി: സുപ്രീംകോടതിയിൽ കേസ് നടക്കുന്നത് കേന്ദ്ര സർക്കാറിെൻറ താൽപര്യ പ്രകാരമാണെന്ന് കർഷകർ പരസ്യ നിലപാടെടുത്ത പശ്ചാത്തലത്തിൽ അവർക്കുവേണ്ടി തിങ്കളാഴ്ച ഹാജരായ മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ദുഷ്യന്ത് ദവെ, കോളിൻ ഗോൺസാൽവസ്, എച്ച്.എസ്. ഫൂൽക്കെ എന്നിവർ ചൊവ്വാഴ്ച വാദിക്കാനെത്തിയില്ല. കർഷക സംഘടനകളെ പ്രതിനിധാനംചെയ്യുന്ന നാല് അഭിഭാഷകരും വരാതിരുന്നതിൽ കേന്ദ്ര സർക്കാറിെൻറ പക്ഷത്തുനിന്ന് വാദിച്ച അഡ്വ. ഹരീഷ് സാൽവെ ആശങ്ക പ്രകടിപ്പിച്ചു. സമരം ചെയ്യുന്ന കർഷകരുടെ അഭിഭാഷകരില്ലാതെ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തിെട്ടന്താണെന്നും സാൽവെ ചോദിച്ചു.
ഹരീഷ് സാൽവെയുടെ ആശങ്ക പങ്കുവെച്ച ചീഫ് ജസ്റ്റിസ് കർഷക സംഘടനകളോട് സംസാരിച്ച് ഇന്ന് നിലപാട് അറിയിക്കാമെന്ന് ദുഷ്യന്ത് ദവെ പറഞ്ഞതായിരുന്നേല്ലാ എന്ന് പ്രതികരിച്ചു. അവർ തിങ്കളാഴ്ച വാദം നടത്തിയതാണല്ലോ എന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
എട്ടു യൂനിയനുകൾക്കു വേണ്ടിയുള്ള ഒരു പാനലായിട്ടാണ് നാല് അഭിഭാഷകരും തിങ്കളാഴ്ച വാദം നടത്തിയത്. വിദഗ്ധ സമിതിയുണ്ടാക്കാനുള്ള നിർദേശം അവർ അംഗീകരിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ദിന പരേഡ് കർഷകർ മുടക്കില്ലെന്ന് ദവെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, തിങ്കളാഴ്ച ഇവരുടെ വാദം കഴിച്ച് സുപ്രീംകോടതി പിരിഞ്ഞശേഷം വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക യൂനിയനുകൾ പരസ്യപ്രഖ്യാപനം നടത്തി. അതോടെ തുടർ നടപടിയിൽനിന്ന് അഭിഭാഷകർ പിന്മാറുകയായിരുന്നു. കർഷക യൂനിയനുകൾ ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകാതിരുന്നതെന്ന് അഡ്വ. എച്ച്.എസ്. ഫൂൽക്കെ പിന്നീട് ട്വീറ്റ് ചെയ്തു.
കർഷക യൂനിയനുകളെ പ്രതിനിധാനംചെയ്ത് ഇൗ നാല് അഭിഭാഷകർ വന്നില്ലെങ്കിലും ഭാരതീയ കിസാൻ യൂനിയൻ ഭാനു വിഭാഗത്തിെൻറയും രാജസ്ഥാൻ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെയും തമിഴ്നാട്ടിലെ ഡി.എം.കെ എം.പി തിരുച്ചി ശിവയുടെയും അഭിഭാഷകർ ചൊവ്വാഴ്ചയുമെത്തി സമരക്കാർക്ക് അനുകൂലമായ വാദം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.