സമരം നടത്തുന്ന കർഷകർക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമായി യു.കെയിൽനിന്ന് ഖൽസ എയ്ഡ്
text_fieldsന്യൂഡൽഹി: കരിനിയമങ്ങൾക്കെതിരെ അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിച്ച് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ചാരിറ്റി സംഘടനയായ ഖൽസ എയ്ഡ്. കഴിഞ്ഞ രണ്ടു മാസമായി നടത്തുന്ന 'ദില്ലി ചലോ' കർഷക പ്രക്ഷോഭത്തിൽ 35 ഫാം ഓർഗനൈസേഷനുകൾക്കൊപ്പം ഖൽസ എയ്ഡും കൈകോർക്കുന്നുണ്ട്.
സമരം നടക്കുന്ന സിംഗു, തിക്രി അതിർത്തിയിൽ ഖൽസ എയ്ഡ് വളണ്ടിയർമാർ പൊതു അടുക്കള നടത്തുന്നുണ്ട്. പ്രക്ഷോഭകർക്ക് ചായയും പലഹാരങ്ങളും വിതരണം ചെയ്യുന്നു. ഇതിനുപുറമെ, ആവശ്യമുള്ളവർക്ക് വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ടെന്ന് ഖൽസ എയ്ഡ് ഡയറക്ടർ അമർപ്രീത് സിങ് പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് എടുത്തുകൊണ്ടുപോകാവുന്ന 50 വാഷ്റൂമുകൾക്ക് ഖൽസ എയ്ഡ് ഓർഡർ നൽകിയിട്ടുണ്ട്.
ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കൂടുതൽ ശക്തമാക്കിയ കർഷക സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില നിശ്ചയിക്കുക തുടങ്ങി തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
കർഷക പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിനായി ഡൽഹി അതിർത്തികളിലേക്ക് മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തുമെന്നാണ് സൂചന. കഴിഞ്ഞദിവസം കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കാർഷിക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കൾ ഉറച്ചു നിൽക്കുകയായിരുന്നു.
പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.