ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഖാപ് പഞ്ചായത്തുകൾ ഡൽഹിയിലേക്ക്
text_fieldsന്യൂഡൽഹി: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള ഖാപ് പഞ്ചായത്തുകൾ. ഖാപ് പഞ്ചായത്തുകളെ പ്രതിനിധാനംചെയ്ത് സമരവേദിയിലെത്തിയ കർഷക നേതാവ് രാകേഷ് ടികായത് ഹരിയാന, യു.പി സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്ത് അംഗങ്ങൾ ഞായറാഴ്ച ഡൽഹിയിൽ എത്തുമെന്ന് താരങ്ങളെ അറിയിച്ചു.
30ലധികം ഖാപ് പഞ്ചായത്തുകളാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഗുസ്തി താരങ്ങൾ രാജ്യത്തിന്റെ മക്കളാണ്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. സമരവേദിയിലേക്ക് കിടക്ക കൊണ്ടുവന്നതിനാണ് അവരോട് ഡൽഹി പൊലീസ് മോശമായി പെരുമാറിയത്. ഇത്തരത്തിലുള്ള ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്നും ടികായത് വ്യക്തമാക്കി. ഗുസ്തി താരങ്ങളുടെ ആവശ്യം നിറവേറ്റിയില്ലെങ്കിൽ ബന്ദ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഹരിയാനയിലെ ഖാപ് പഞ്ചായത്തുകൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഗുസ്തി താരങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ബഹുമതികൾ മടക്കിനൽകുമെന്ന് ദ്രോണാചാര്യ അവാർഡ് ജേതാവും ഗുസ്തി പരിശീലകനുമായ മഹാവീർ ഫോഗട്ട് പറഞ്ഞു. താരങ്ങളുടെ പരാതിയിൽ പോക്സോ അടക്കമുള്ള കേസുകൾ നേരിടുന്ന ബ്രിജ് ഭൂഷനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താരങ്ങൾക്ക് ഐക്യദാർഢ്യവുമായി വനിത സംഘടനകളും രംഗത്തുവന്നു. ദേശീയ മഹിള ഫെഡറേഷൻ ഉൾപ്പെടെ വിവിധ വനിത സംഘടനകൾ സംയുക്തമായി പ്രതിഷേധ പരിപാടികൾ നടത്തും. വിഷയവുമായി ബന്ധപ്പെട്ട് സംഘടനകൾ യോഗം ചേർന്നതായി മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു.
ബ്രിജ് ഭൂഷനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർക്ക് വീണ്ടും കത്ത് നൽകുമെന്നും അവർ വ്യക്തമാക്കി.എന്നാൽ, സമരം നടത്തുന്ന ഗുസ്തി താരങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയിട്ടുണ്ടെന്നും ഡൽഹി പൊലീസിനെ പക്ഷപാതരഹിതമായ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.