മമതയുടെ ‘മിന്നലാക്രമണം’; നിതീഷിനെ അനുനയിപ്പിക്കാൻ ഖാർഗെയും രാഹുലും
text_fieldsന്യൂഡൽഹി: ഇൻഡ്യ സഖ്യയോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമൊത്ത് പ്രധാനമന്ത്രി സ്ഥാനാർഥിയെ നിർദേശിച്ച് നടത്തിയ ‘മിന്നലാക്രമണത്തിന്’ പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നീക്കം. ഇരുവരും തുടക്കമിട്ട പ്രധാനമന്ത്രി സ്ഥാനാർഥിത്വ ചർച്ച അവഗണിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിതീഷ് കുമാറിനോട് സംസാരിച്ചു. ഇതിന് ശേഷം രാഹുലും നിതീഷിനോട് നേരിൽ ചർച്ച നടത്താനുള്ള ശ്രമത്തിലാണ്.
ഇൻഡ്യ സഖ്യ യോഗത്തിന് ശേഷം നിതീഷ് മറ്റു തിരക്കുകളിലായതിനാൽ നേരിട്ട് സംസാരിക്കാൻ രാഹുൽ ആദ്യം നടത്തിയ ശ്രമം വിജയിച്ചില്ല. പിന്നീട് നിതീഷ് കുമാർ തിരിച്ചുവിളിച്ചപ്പോഴേക്കും രാഹുൽ കോൺഗ്രസ് പ്രവർത്തക സമിതിയുടെ തിരക്കിലുമായി. ഇരുവരും തമ്മിൽ ഇക്കാര്യത്തിൽ സംഭാഷണമുണ്ടാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. കോൺഗ്രസ് പോലും പ്രതീക്ഷിക്കാത്ത നീക്കത്തിലാണ് ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെയെ നിർദേശിച്ച് നിതീഷിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിത്വമോഹത്തിന് തടയിടാൻ മമത ശ്രമിച്ചത്. ഡൽഹിയിൽ തലേന്ന് നടന്ന മമത-കെജ്രിവാൾ ചർച്ചക്ക് ശേഷമായിരുന്നു ഇത്.
ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന ചർച്ച വേണ്ടെന്ന് മുംബൈ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് ശേഷവും കെജ്രിവാളുമായി ചേർന്ന് മമത നടത്തിയ ശ്രമം പല സഖ്യകക്ഷി നേതാക്കളെയും അമ്പരപ്പിച്ചു. ആർക്കുവേണ്ടിയാണ് ഈ നീക്കമെന്ന ചിന്ത മിക്ക ഘടകകക്ഷി നേതാക്കൾക്കുമുണ്ടായെന്ന് യോഗത്തിലുണ്ടായിരുന്ന ഒരു സഖ്യകക്ഷി നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇൻഡ്യ സഖ്യമുണ്ടായതു മുതൽ ഭിന്നിപ്പുണ്ടാക്കാൻ നോക്കുന്ന ബി.ജെ.പിയുടെ തന്ത്രമായി മമതയുടെ നീക്കത്തെ കാണുന്നവരുണ്ടെന്നും അദ്ദേഹം തുടർന്നു.
ഇൻഡ്യ സഖ്യത്തിന്റെ യോഗം കഴിയുന്നതിനു മുമ്പേ ബി.ജെ.പിയും മമതയുമായും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നാണ് ഇത്തരമൊരു വാർത്ത പുറത്തുവന്നതെന്നതും ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. ‘ചോദ്യത്തിന് കോഴ’ ആരോപിച്ച് മഹുവ മൊയ്ത്രക്കെതിരായ സി.ബി.ഐ കേസ് മമതയിലേക്കും ആപ്പിനെതിരായ ഡൽഹി മദ്യനയ കേസ് കെജ്രിവാളിലേക്കും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് ഇൻഡ്യ സഖ്യത്തിലെ അഭിപ്രായ ഭിന്നതക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് സഖ്യകക്ഷി നേതാക്കൾ ചേർത്തുവായിക്കുന്നുണ്ട്. മമതയും കെജ്രിവാളും ഇത്തരമൊരു അഭിപ്രായം പറഞ്ഞുവെന്നല്ലാതെ അതൊരു ഗൗരവമുള്ള ചർച്ചയായി മാറിയില്ലെന്ന് ഇൻഡ്യ സഖ്യയോഗത്തിൽ പങ്കെടുത്ത മറ്റൊരു ഘടക കക്ഷി നേതാവും ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രധാനമന്ത്രിപദമോഹമില്ലെന്ന് നിതീഷ് പറഞ്ഞുകൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ട് ജനതാദൾ യു നേതാക്കൾ പരസ്യ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ, മമതയുടെ ‘മിന്നലാക്രമണ’ത്തോടെ പ്രതിരോധത്തിലായ ജനതാദൾ യു നേതാക്കൾ പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടെന്ന് മുംബൈ യോഗത്തിൽ തീരുമാനിച്ചതാണെന്ന് പറയാൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.