കടമകള്‍ നിറവേറ്റാത്ത നേതാക്കളോട് കണ്ണടയ്ക്കുന്ന സമീപനം ഉണ്ടാകില്ല -ഖാർഗെ
text_fieldsന്യൂഡല്‍ഹി: പാർട്ടി പ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കണമെന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. സംഘടനയെന്ന നിലയില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചാല്‍ മാത്രമാണ് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനും തെരഞ്ഞെടുപ്പുകളെ നേരിടുന്നതിനും സാധിക്കുകയുള്ളൂ. കടമകള്‍ നിറവേറ്റാത്തവരോട് കണ്ണടയ്ക്കുന്ന സമീപനം ഉണ്ടാകില്ല. അത്തരക്കാര്‍ സഹപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. പി.സി.സി അധ്യക്ഷന്മാര് മൂന്നു മാസത്തിനുള്ളില്‍ സംഘടന പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനുള്ള മാര്‍ഗരേഖ സമര്‍പ്പിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.
85ാം പ്ലീനറി സമ്മേളനം ഛത്തിസ്ഗഢിലെ റായ്പൂരിൽ നടത്താൻ യോഗം തീരുമാനിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായതിനുശേഷമുള്ള ആദ്യ പ്ലീനറി സമ്മേളനം ഫെബ്രുവരി പകുതിയോടെ മൂന്നു ദിവസങ്ങളിലായാണ് നടക്കുക.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വൻ വിജയവും ലക്ഷക്കണക്കിന് ആളുകളുടെ വിപുലമായ പങ്കാളിത്തവും യോഗം വിലയിരുത്തി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്ന് യാത്ര എല്ലാ ദിവസവും സമൂഹത്തിന്റെ എല്ലാ വിഭാഗം ആളുകളുമായി സംവദിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്താണ് മുന്നോട്ടുപോകുന്നത്.
അചഞ്ചലമായ ദൃഢനിശ്ചയത്തോടെയും രാജ്യത്തോടും ജനങ്ങളോടുമുള്ള സ്നേഹം പ്രകടമാക്കിയും കരുത്തോടെ മുന്നോട്ടുപോകുന്ന രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച യോഗം യാത്രയിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും നന്ദി അറിയിച്ചു.
ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ വിദ്വേഷവും ഭിന്നിപ്പും ഉണ്ടാക്കുന്നവയാണ്. ഇത്തരം വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് കോൺഗ്രസിന് നിർണായക പങ്കുവഹിക്കാനുണ്ടെന്ന് യോഗം വിലയിരുത്തി.
ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുനേരെയുള്ള ആക്രമണവും ബോധപൂർവമായ അട്ടിമറിയും തുടരുന്നു. ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള നീക്കം ഭയാനകമാണ്. അതിർത്തി പ്രശ്നങ്ങളില്‍, പ്രത്യേകിച്ച് ചൈനീസ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് കേന്ദ്രസർക്കാർ മൗനം തുടരുകയാണ് ചെയ്യുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
ഭാരത് ജോഡോ യാത്രയുടെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുന്നതിനായി കോണ്‍ഗ്രസ് 'ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്' പദയാത്ര സംഘടിപ്പിക്കും.
കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പി. ചിദംബരം, ആനന്ദ് ശര്‍മ, മീരാ കുമാര്‍, അംബികാ സോണി, അജയ് മാക്കന് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.