ഖാർഗെ വിശ്വാസ്യത നേടിയ നേതാവ് -യെച്ചൂരി
text_fieldsന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രതിപക്ഷ നിരയിലും വിശ്വാസ്യതയുള്ള നേതാവാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിശ്വാസ്യതയും മാനുഷികതയും പ്രധാനമായ വർത്തമാനകാല രാഷ്ട്രീയത്തിൽ ഇൻഡ്യ സഖ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ ഖാർഗെക്ക് പ്രത്യേക പങ്കുവഹിക്കാനാവുമെന്നും യെച്ചൂരി പറഞ്ഞു.
ജനപ്രതിനിധിയെന്ന നിലയിൽ 50 വർഷം പിന്നിട്ട മല്ലികാർജുൻ ഖാർഗെയെക്കുറിച്ച് തയാറാക്കിയ പുസ്തകം പ്രകാശനം ചെയ്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. ഇപ്പോഴത്തെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ ഇൻഡ്യ കൂട്ടായ്മയിലെ സീറ്റ് പങ്കിടൽ ദേശീയതലത്തിൽ ചർച്ചയായത് അദ്ദേഹം എടുത്തുപറഞ്ഞു. കോൺഗ്രസിന്‍റെ പരിമിതികൾ സമാന ചിന്താഗതിക്കാരായ പാർട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് ഖാർഗെ ശ്രദ്ധിച്ചത്; പറഞ്ഞു വഞ്ചിക്കുകയല്ല. ചെയ്യാൻ കഴിയുന്നതു മാത്രം പറഞ്ഞു, പറഞ്ഞതു ചെയ്തു. പ്രതിഭ, ആത്മാർഥത എന്നിവക്കൊപ്പം മികച്ച നേതാവിന് വേണ്ട സ്വഭാവഗുണമാണ് ഇത്തരമൊരു വിശ്വാസ്യത -യെച്ചൂരി പറഞ്ഞു.
സുഖ്ദേവ് തൊറാത്ത്, ചേതൻ ഷിൻഡെ എന്നിവർ എഡിറ്റ് ചെയ്ത ഗ്രന്ഥം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയാണ് പ്രകാശനം ചെയ്തത്. ടി.ആർ. ബാലു (ഡി.എം.കെ), മനോജ് ഝാ (ആർ.ജെ.ഡി) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.