ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ച; കോൺഗ്രസ് എം.പിമാർക്ക് പാർലമെന്‍റിൽ എത്താനായില്ല
text_fieldsന്യൂഡൽഹി: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ശ്രീനഗറിൽ കുടുങ്ങിയ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ് അടക്കമുള്ള കോൺഗ്രസ് എം.പിമാർക്ക് പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസം എത്താനായില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം, സാമ്പത്തിക സർവേ സഭയുടെ മേശപ്പുറത്തു വെക്കൽ എന്നിവയായിരുന്നു ചൊവ്വാഴ്ച പാർലമെന്‍റിൽ.
തിങ്കളാഴ്ച ശ്രീനഗറിൽ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന് എത്തിയതായിരുന്നു നേതാക്കൾ. ചൊവ്വാഴ്ച രാവിലെ എട്ടരക്കുള്ള വിമാനത്തിൽ ഡൽഹിക്കു പുറപ്പെടാനായിരുന്നു തീരുമാനം. എന്നാൽ, പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശ്രീനഗറിൽനിന്നുള്ള വിമാനം വൈകുന്നതിനാൽ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നിരവധി പേർക്ക് പാർലമെന്‍റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് എത്താനാകില്ലെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ചൊവ്വാഴ്ച രാവിലെ ട്വീറ്റ് ചെയ്തു. ഡൽഹിയിലുള്ള സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ പാർലമെന്‍റിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.