ആദ്യത്തെ വാഗ്ദാനം പിന്നെ വരുമ്പോൾ മറക്കും; സ്വയം പാവപ്പെട്ടവനെന്ന് വിശേഷിപ്പിക്കുന്നത് സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമം; മോദിക്കെതിരെ വിമർശനവുമായി ഖാർഗെ
text_fieldsന്യൂഡൽഹി: കാൽനൂറ്റാണ്ടോളമായി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടും നരേന്ദ്ര മോദി സ്വയം പാവപ്പെട്ടവൻ എന്ന് വിശേഷിപ്പിക്കുന്നത് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി ഇതുവരെ നടത്തിയ വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ലെന്നും രണ്ടാം തവണ സന്ദർശിക്കുമ്പോഴേക്കും ആദ്യത്തെ വാഗ്ദാനം മറന്നിട്ടുണ്ടാകുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
"ഞാൻ കള്ളനെന്ന് വിളിച്ചപ്പോൾ അദ്ദേഹത്തിന് അത് വല്ലാതെ വേദനയുണ്ടാക്കി. പക്ഷേ അദ്ദേഹം ഇതുവരെ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ ഏതെങ്കിലും നടപ്പാക്കിയിട്ടുണ്ടോ? വീണ്ടും സന്ദർശിക്കുമ്പോഴേക്കും മോദി ആദ്യം നൽകിയ വാഗ്ദാനങ്ങളെ കുറിച്ച് മറന്നിട്ടുണ്ടാകും" - ഖാർഗെ പറഞ്ഞു.
ഖാർഗെ തന്‍റെ പിതാവിനെ അപകീർത്തിപ്പെടുത്തിയെന്ന മോദിയുടെ പരാമർശത്തെയും ഖാർഗെ വിമർശിച്ചിരുന്നു. മോദിയുടെ പിതാവിനെ എവിടേയും അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും രാഷ്ട്രീയവുമായി ഒന്നും ചെയ്യാനില്ലാത്ത അദ്ദേഹത്തെ അനാവശ്യമായി വലിച്ചിഴക്കേണ്ടതില്ലെന്നും ഖാർഗെ വ്യക്തമാക്കി. ഇത്തരം പരാമർശങ്ങളിലൂടെ മോദി വാക്കുകൾ വളച്ചൊടിക്കാൻ സമർത്ഥനാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്ന റാലിക്കിടെ നുണ പറയുന്ന കാര്യത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖര റാവു മോദിയുടെ അച്ഛനാണെന്ന് പറഞ്ഞിരുന്നു. അനാവശ്യമായി പിതാവിനെ വലിച്ചിഴക്കുകയും 23-24 വർഷത്തോളം ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും സേവനമനുഷ്ഠിക്കുന്ന മോദി സ്വയം പാവപ്പെട്ടവനെന്ന് വിശേഷിപ്പിക്കുന്നത് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഹനുമാൻഗഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ തുറമുഖങ്ങൾ മുതൽ വിമാനത്താവളങ്ങൾ വരെ എല്ലാം മോദിയുടെ കീഴിലാണെന്നും ജനങ്ങളെ അദ്ദേഹം അടിമകളാക്കാൻ ശ്രമിക്കുകയാണെന്നും ഖാർഗെ പറഞ്ഞിരുന്നു. ഡാമുകളും മെഡിക്കൽ കോളേജുകളും ഉൾപ്പെടെ എല്ലാം കോൺഗ്രസ് നിർമിച്ചവയാണ്. മോദി സർക്കാർ അതിന്‍റെയെല്ലാം ക്രെഡിറ്റ് ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും രാജ്യത്തെ നശിപ്പിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബി.ജെ.പിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാജസ്ഥാനിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഗെഹ്ലോട്ട് സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതികളെല്ലാം ബി.ജെ.പി പിൻവലിക്കുമെന്നായിരുന്നു പ്രിയങ്കയുടെ പരാമർശം. പ്രധാനമന്ത്രിയുടെ നയങ്ങളാണ് രാജ്യത്തെ മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിക്കുന്നതെന്നും മോദിയെ അപകീർത്തിപ്പെടുത്തിയതിന് കോൺഗ്രസിനോട് ജനങ്ങൾ മറുപടി പറയുമെന്നുമായിരുന്നു ഇതിനോട് ബി.ജെ.പി സംസ്ഥാന വക്താവ് മുകേഷ് പരീകിന്‍റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.