"തെരഞ്ഞെടുപ്പടുത്തപ്പോൾ ആദിവാസികളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു"; മോദിസർക്കാറിനോട് മൂന്ന് ചോദ്യങ്ങളുമായി ഖാർഗെ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദിവാസി ക്ഷേമത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് തെരഞ്ഞെടുപ്പടുത്തതുകൊണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2013നെ അപേക്ഷിച്ച് ആദിവാസി വിഭാഗത്തിനെതിരായ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ക്ഷേമത്തെ സംബന്ധിച്ച് മോദി സർക്കാറിനോടുള്ള മൂന്ന് ചോദ്യങ്ങളും ഖാർഗെ എക്സിലൂടെ പങ്കുവെച്ചു.
2013 നെ അപേക്ഷിച്ച് ആദിവാസികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 48.15% വർധനവ് ഉണ്ടായത് എന്തുകൊണ്ടാണെന്നും വനാവകാശ നിയമം 2006, നടപ്പിലാക്കുന്നതിൽ ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാരുകൾ എന്തുകൊണ്ടാണ് പൂർണ്ണമായും പരാജയപ്പെടുന്നതെന്നും മോദി സർക്കാരിന്റെ ഗോത്രകാര്യ മന്ത്രാലയത്തിന്റെ വികസന പദ്ധതിയുടെ ചെലവിൽ തുടർച്ചയായ കുറവുണ്ടായത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. 2018-19ൽ 250 കോടി രൂപയായിരുന്നത് 2022-23ൽ 6.48 കോടി രൂപയായി കുറഞ്ഞെന്ന് പാർലമെന്ററി സമിതി പറയുന്നതായി ഖാർഗെ വ്യക്തമാക്കി.
പരാജയപ്പെട്ട പദ്ധതിയുടെ പേര് മാറ്റി തെരഞ്ഞെടുപ്പ് കാലത്ത് ആദിവാസി സമൂഹത്തെ കബളിപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജലം, വനം, ഭൂമി, ആദിവാസി നാഗരികത എന്നിവയുടെ സംരക്ഷണം നമ്മുടെ കടമയാണെന്നും രാജ്യത്തെ ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കായി കോൺഗ്രസ് പാർട്ടി പോരാടുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.