കോൺഗ്രസ് അധ്യക്ഷനായി ഖാർഗെ ഇന്ന് സ്ഥാനമേൽക്കും
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച സ്ഥാനമേൽക്കും. നെഹ്റു കുടുംബാംഗങ്ങളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രവർത്തക സമിതി അംഗങ്ങൾ, എ.ഐ.സി.സി ഭാരവാഹികൾ, പി.സി.സി പ്രസിഡന്റുമാർ, പി.സി.സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്ന 'മെഗാ ഇവന്റി'ന് 24-അക്ബർ റോഡ് എ.ഐ.സി.സി ആസ്ഥാനം തയാർ. സ്ഥാനമൊഴിയുന്ന സോണിയ ഗാന്ധിയുടെ പേരുപതിച്ച മുറിയിലും മാറ്റങ്ങൾ.
എ.ഐ.സി.സി മന്ദിര വളപ്പിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി പുതിയ പ്രസിഡന്റിന് തെരഞ്ഞെടുപ്പു സാക്ഷ്യപത്രം കൈമാറും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സോണിയ ഗാന്ധി പുതിയ പ്രസിഡന്റിനെ കസേരയിലേക്ക് ആനയിക്കും. മേളക്കൊഴുപ്പാർന്ന പരിപാടിയാണ് എ.ഐ.സി.സി തയാറാക്കിയിട്ടുള്ളത്.
ഭാരത് ജോഡോ യാത്ര നയിച്ചുവരുന്ന രാഹുൽ ഗാന്ധി ദീപാവലിയും പുതിയ പ്രസിഡന്റ് ചുമതലയേൽക്കുന്ന ചടങ്ങും പ്രമാണിച്ച് മൂന്നുദിവസം പദയാത്ര നിർത്തിവെച്ചിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, വി.പി. സജീന്ദ്രൻ, എം.എം. നസീർ, ജയ്സൺ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തി.
24 വർഷത്തിനു ശേഷമാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാൾ വരുന്നത്. 1998ൽ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനമേറ്റ സ്ഥിതിയേക്കാൾ പാർട്ടിയുടെ നില മോശമായ അന്തരീക്ഷത്തിലാണ് 80കാരനായ ഖാർഗെ പദവി ഏറ്റെടുക്കുന്നത്. പ്രവർത്തക സമിതി തെരഞ്ഞെടുപ്പ്, എ.ഐ.സി.സി പ്ലീനറി, ഹിമാചൽ-ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകൾ എന്നിവ അദ്ദേഹത്തിന് മുന്നിലെ ആദ്യ കടമ്പകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.