ഹരിയാനയിലെ കോൺഗ്രസ് എം.പിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
text_fieldsചണ്ഡീഗഢ്: കോൺഗ്രസ് എം.പി കുമാരി സെൽജയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ഹരിയാന മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ. കോൺഗ്രസിലെ ആഭ്യന്തര വിള്ളലുകൾ ഉയർത്തിക്കാട്ടി അദ്ദേഹം മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെയും മകൻ ദീപേന്ദർ ഹൂഡയെയും പേരെടുത്ത് പറയാതെ പരിഹസിക്കുകയും ചെയ്തു.
''കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. മുഖ്യമന്ത്രിയാകണമെന്നാണ് അച്ഛന്റെ ആഗ്രഹം. മകനും അതേ ആഗ്രഹമാണ്. അവരുടെ കുടുംബത്തിന് പുറത്തുള്ള നേതാക്കളും അതേ ആഗ്രഹം വെച്ചുപുലർത്തുന്നു. എല്ലാവർക്കും മുഖ്യമന്ത്രിയാകണം. അതിനായി നീണ്ട ക്യൂവിലാണ് പാർട്ടി നേതാക്കൾ. ദലിത് വിഭാഗത്തോടെ ഇത്രയേറെ അവഗണന കാണിച്ച പാർട്ടിയില്ല. ദലിത് വിഭാഗത്തിൽ നിന്നുള്ള സഹോദരി വീട്ടിലിരിക്കുകയാണ്. അവരെ ഞങ്ങളുടെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ തയാറാണ്.''-ഖട്ടാർ പറഞ്ഞു.
ബി.ജെ.പി സ്ഥാനാർഥി ഹര്‍വീന്ദര്‍ കല്യാണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഖട്ടാർ. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഹരിയാനയിലെ കോൺഗ്രസിന്റെ പ്രചാരണങ്ങളിൽ സെൽജയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.
കർണാലിൽ നടന്ന പരിപാടിയിലും കോൺഗ്രസ് എം.പി ബി.ജെ.പിയിലേക്ക് വരുന്നോ എന്ന് ഖട്ടാർ ചോദിച്ചു. അങ്ങനെയൊരു സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ശരിയായ സമയത്ത് നിങ്ങളെല്ലാം അറിയുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിൽ കോൺഗ്രസിന് സർക്കാർ രൂപവത്കരിക്കാൻ സാധിക്കില്ലെന്നും ഖട്ടാർ വ്യക്തമാക്കി. അങ്ങനെയൊരു സർക്കാറുണ്ടാക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ പിന്നെന്തിനാണ് സഖ്യകക്ഷികളെ കൂട്ടുപിടിക്കുന്നത്. ഒരു പാർട്ടിയും അവരുമായി സഖ്യം ആഗ്രഹിക്കുന്നില്ല. -ഖട്ടാർ പറഞ്ഞു. സ്വന്തം വനിത നേതാവിനെതിരെ മോശം പരാമർശം നടത്തിയ കോൺഗ്രസിന് സമൂഹം മാപ്പു നൽകില്ലെന്നും ഖട്ടാർ ഓർമിപ്പിച്ചു. ഹരിയാനയിൽ എ.എ.പിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ശ്രമം നടത്തിയിരുന്നു. നിലവിൽ ഇരു പാർട്ടികളും ഒറ്റക്കാണ് മത്സരിക്കുന്നത്. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.