'മനുഷ്യത്വരഹിതം, നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി'; ത്രിപുര ആള്‍ക്കൂട്ടക്കൊലയെ അപലപിച്ച് മണിക് സര്‍ക്കാര്‍
text_fieldsഅഗര്‍ത്തല: ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ കാലിക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു കൊന്ന സംഭവത്തെ അപലപിച്ച് മുന്‍ മുഖ്യമന്ത്രിയും സി.പി.എം മുതിര്‍ന്ന നേതാവുമായ മണിക് സര്‍ക്കാര്‍. മനുഷ്യത്വരഹിതവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ് കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു.
ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ പൊലീസിലേല്‍പ്പിക്കുകയാണ് വേണ്ടത്. ആള്‍ക്കൂട്ട മര്‍ദനത്തിന് വിധേയരാക്കുകയല്ല വേണ്ടത്. അത് ക്രിമിനലുകളായാലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരായാലും.
ജനക്കൂട്ടം നിയമം കൈയിലെടുത്ത് മൂന്നുപേരെ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത നടപടിയാണ് -മണിക് സര്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഞായറാഴ് പുലര്‍ച്ചെയാണ് ജായസ് ഹുസൈൻ (30), ബില്ലാൽ മിയ (28), സൈഫുൽ ഇസ്ലാം (18) എന്നിവരെ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലചെയ്തത്. രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, കൊല്ലപ്പെട്ട യുവാക്കള്‍ക്കെതിരെ പശുമോഷണത്തിന് കേസെടുത്തിരിക്കുകയാണ്.
അഗർത്തലയിൽ നിന്ന് 46 കിലോമീറ്റർ അകലെയാണ് ഞായറാഴ്ച പുലർച്ചെ മൂന്ന് പേരെയും മർദിച്ചുകൊന്നത്. അഗർത്തലയിലേക്ക് അഞ്ച് കന്നുകാലികളുമായി പോയ ട്രക്ക് ആണ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്തുടർന്നെത്തിയ പ്രദേശവാസികളാണ് ട്രക്ക് തടഞ്ഞ് മൂന്നുപേർക്കു നേരെ ആയുധങ്ങളുപയോഗിച്ച് അക്രമം അഴിച്ചുവിട്ടത്. ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം പിടികൂടി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെ നിന്ന് 50 കിലോമീറ്റർ അകലെ സെപാഹിജാല സ്വദേശികളാണ് കൊല്ലപ്പെട്ടവർ. 2019 ഡിസംബറിലും സെപാഹിജാല ജില്ലയിൽ പശുക്കടത്തിന്‍റെ പേരിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച് 29 കാരനെയാണ് അന്ന് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.