ഉദ്യോഗാർഥികളെ കബളിപ്പിച്ച് തട്ടിയെടുത്ത പണം തിരികെ നൽകാൻ കിഡ്നാപ്പിങ്: ഫയർമാൻ അടക്കം 10 പേർ അറസ്റ്റിൽ
text_fieldsതാനെ: ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ കബളിപ്പിച്ച് തട്ടിയെടുത്ത പണം തിരികെ നൽകാൻ കിഡ്നാപ്പിങ് നടത്തിയ സംഭവത്തിൽ ഫയർമാൻ അടക്കം 10 പേർ അറസ്റ്റിൽ. അവശേഷിക്കുന്ന മുഴുവൻ പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
25 ഫയർഫോഴ്‌സ് ജോലി അപേക്ഷകരിൽ നിന്ന് എട്ടു ലക്ഷം രൂപ മുതൽ 10 ലക്ഷം വരെ കൈപ്പറ്റിയതിന് മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) ഫയർമാൻമാരായ പവാറിനെയും ദേവിദാസ് വാഗ്മറെയെയും രണ്ട് മാസം മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ അഗ്രിപാഡ പൊലീസ് സ്റ്റേഷനിൽ കേസെടുക്കുകയും പിന്നീട് സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
ഉദ്യേഗാർഥികൾക്ക് പണം നൽകിയാൽ കേസ് അവസാനിപ്പിക്കാമെന്ന് ധരിച്ച പ്രതികൾ താനെയിലെ ബിൽഡർ സഞ്ജയ് ഷെൽക്കെയുടെ 20 വയസ്സുള്ള മകൻ ഓഫിസിലേക്ക് പോകുമ്പോൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആദ്യഘട്ടത്തിൽ 40 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് ഒടുവിൽ രണ്ടുകോടി തന്നാൽ മതിയെന്നായി. സഞ്ജയ് ഷെൽക്കെയുടെ പരാതിയെ തുടർന്ന് പൊലീസ് വലവിരിച്ചു. പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സുധാകർ പഠാരെ 100 പേരടങ്ങുന്ന എട്ട് സംഘങ്ങളെ രൂപീകരിച്ച് 45 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു.
പോലീസ് തിരച്ചിൽ ആരംഭിച്ചതായി മനസ്സിലാക്കിയ പ്രതികൾ ഭീവണ്ടി, പിസെ, വസെരെഗാവ്, പദ്ഗ എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങി. മൊബൈൽ ടവർ വഴിയാണ് പൊലീസ് ഇവരുടെ ലൊക്കേഷൻ അറിഞ്ഞത്. ഒടുവിൽ തട്ടിക്കൊണ്ടുപോയ ആളെ ഇവർ പദ്ഘ ഗ്രാമത്തിൽ ഉപേക്ഷിച്ചു.
നാടൻ നിർമിത റിവോൾവർ, എയർഗൺ, വലിയ കത്തി, നൈലോൺ കയർ, കറുത്ത മുഖംമൂടി, അഞ്ച് മൊബൈൽ ഫോണുകൾ, 12 ലക്ഷം രൂപ വിലമതിക്കുന്ന കാർ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ അശോക് ഭഗത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.