കുട്ടികൾ മാതൃഭാഷയെ പോലെ ഹിന്ദിയും പഠിക്കണം- അമിത് ഷാ
text_fieldsന്യൂഡൽഹി: രാജ്യത്തെ കുട്ടികൾ ഇംഗ്ലീഷ് പോലെ ഹിന്ദിയും പഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താൻ ഇംഗ്ലീഷിന് എതിരല്ലെന്നും എന്നാൽ ഇന്ത്യയിലെ കുട്ടികൾ അതത് മാതൃഭാഷകളും ഹിന്ദിയും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മാതൃഭാഷകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും ഷാ പറഞ്ഞു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എല്ലാ ഇന്ത്യൻ ഭാഷകളും സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണ്. ഓരോ ഭാഷയിലും നമ്മുടെ സംസ്കാരം, ചരിത്രം, സാഹിത്യം, വ്യാകരണം എന്നിവ അടങ്ങിയിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രധാനപ്പെട്ടതാകുന്നത് കുട്ടികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കും എന്നതാണ്. കുട്ടികൾ ഇംഗ്ലീഷിനൊപ്പം ഫ്രഞ്ചും ജർമ്മനും പഠിക്കണമെന്നാണ് ആഗ്രഹം. എന്നാൽ ഗുജറാത്തിൽ നിന്നുള്ള കുട്ടി ഗുജറാത്തിയും ഹിന്ദിയും പഠിക്കണം, ആസാമീസും ഹിന്ദിയും പഠിക്കണം, ഒരു തമിഴൻ തമിഴും ഹിന്ദിയും പഠിക്കണം. ഇത് സംഭവിക്കുകയാണെങ്കിൽ, നമ്മുടെ രാജ്യത്തെ പുരോഗതിയിൽ നിന്ന് തടയാൻ ആർക്കും കഴിയില്ലെന്നും ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സ്ഥാപിച്ച ഈ സ്ഥാപനത്തിന്റെ (ഐഐടിഇ) ലക്ഷ്യം കിഴക്കൻ, പടിഞ്ഞാറൻ വിദ്യാഭ്യാസ തത്വങ്ങളെ ഏകീകരിക്കുക എന്നതായിരുന്നു, ഷാ പറഞ്ഞു.
അതേസമയം രാജ്യത്ത് ഹിന്ദി ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ ക്രിമിനൽ നിയമങ്ങളുടെ പേര് ഹിന്ദിയിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പരാമർശം. ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി), ഇന്ത്യൻ എവിഡൻസ് ആക്ട് തുടങ്ങിയവയുടെ പുനർനാമകരണം ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.