ബീഫ് കഴിച്ചാൽ കൊല്ലുമെന്ന് മർദനത്തിനിടെ അക്രമികൾ വിളിച്ചു പറഞ്ഞു -സൂരജ്
text_fieldsചെന്നൈ: ബീഫ് കഴിച്ചതിനാൽ കൊല്ലുമെന്ന് അക്രമികൾ പറഞ്ഞിരുന്നതായി മദ്രാസ് ഐ.ഐ.ടിയിൽ അക്രമണത്തിനിരയായ മലയാളി വിദ്യാർഥി സൂരജ്. ഹിന്ദുത്വ അനുകൂല സംഘടനയുടെ പ്രവർത്തകരായ വിദ്യാർഥികളുടെ ആക്രമണത്തിൽ വലതു കണ്ണിനു ഗുരുതരമായി പരിക്കേറ്റ സൂരജ് മലപ്പുറം പൊന്നാനി സ്വദേശിയാണ്. ചെന്നൈയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂരജ് ഫേസ്ബുക്കിലൂടെ നടന്ന സംഭവത്തെ കുറിച്ച് വിവരിച്ചു.
സൂരജിന്‍റെ വാക്കുകൾ
നടന്ന സംഭവത്തെ കുറിച്ച് തെറ്റിദ്ധരിക്കുന്ന വിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നത്. അതിനാലാണ് ഈ അസ്ഥയിലും എനിക്ക് പ്രതികരിക്കേണ്ടി വരുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മുൻപരിചയില്ലാത്ത മനീഷ് എന്ന ഒരാൾ കൂടെവന്നിരിക്കുകയും പേര് ചോദിച്ചറിയുകയും ചെയ്തു. ബീഫ് കഴിക്കുമോ എന്ന് ചോദിക്കുകയും ഞാൻ കഴിക്കുമെന്ന് മറുപടി പറയുകയും ചെയ്തു. വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അയാൾ പിന്നിൽ നിന്നും തലക്കടിച്ചു. മുടിക്ക് കുത്തിപ്പിടിച്ച് തലക്ക് തലങ്ങും വിലങ്ങും അടിച്ചു. അതിനിടയിലാണ് കണ്ണിന് പരിക്ക് പറ്റിയത്. കണ്ണിന്‍റെ കാഴ്ച എത്ര തിരിച്ചു കിട്ടുമെന്ന് വീക്കം പോയാൽ മാത്രമേ പറയാനാവൂ. തല്ലുന്ന സമയത്ത് ബീഫ് കഴിച്ചാൽ കൊല്ലുമെന്ന് അവൻ വിളിച്ചു പറഞ്ഞിരുന്നു. ഇതിനിടയിൽ എന്‍റെ സുഹൃത്ത് ഒാടിവന്നെങ്കിലും അക്രമിയുടെ സുഹൃത്തുകൾ എന്‍റെ സുഹൃത്തിനെ പിടിച്ചു മാറ്റി. അക്രമണം ആസൂത്രണം ചെയ്ത് നടത്തിയതായാണ് എനിക്ക് തോന്നിയത്. ഇപ്പോൾ അപ്പോളോ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അക്രമത്തിനെതിരെ കോളജ് അധികാരികൾക്ക് സുഹൃത്തുക്കൾ വഴി പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് തുടക്കത്തിൽ കേസെടുക്കാൻ തയാറായിരുന്നില്ല. അവർക്ക് മുകളിൽ നിന്ന് ഒാർഡറുകൾ വരുന്നുണ്ടായിരുന്നെന്ന് തോന്നുന്നു. സ്ഥാപനത്തിന്‍റെ ഭാഗത്ത് നിന്ന് ആരും സഹായ ഹസ്തവുമായി ഇതുവരെ വന്നിട്ടില്ല. സ്ഥാപനത്തിലെ ആശുപത്രി ഡോക്ടർമാർ വന്നിരുന്നു. സംഭവം അറിഞ്ഞ് തന്നെ പിന്തുണച്ചവർക്ക് നന്ദി.
ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന് കരുതാനാവില്ല. കേരളത്തിലെ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണ്. അവർ പുറത്ത് വന്ന് താമസിച്ചാൽ അവർക്കും ഇതെല്ലാം സംഭവിക്കാവുന്നതാണ്. വീട്ടിനുളളിൽ ഉണ്ടാക്കി ഭക്ഷിച്ചാൽ പോലും ഒരു കൂട്ടം ആളുകൾ വന്ന് വീടുമുഴുവൻ തല്ലിപ്പൊളിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. നമ്മൾ അഭിമാനപൂർവം കാണുന്ന ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇങ്ങനെയുണ്ടായത്. അക്കാദമികമായി ഉന്നത നിലയിൽ നിൽക്കുന്ന സ്ഥാപനത്തിൽ ഇത്തരത്തിൽ സംഭവിച്ചാൽ പുറത്തും ഇതെല്ലാം നടക്കാമെന്ന് വ്യക്തമാണ്. എവിടെയും നടക്കാം. ഇതിന് പിന്നിൽ നടന്ന ഗൂഢാലോചനയെ കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല.
ഓഷ്യൻ എൻജിനീയറിങ്ങിൽ എം.എസ് വിദ്യാർഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ്കുമാർ സിങ്ങിെൻറ നേതൃത്വത്തിലാണ് സൂരജിനെ ആക്രമിച്ചത്. അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ പ്രവർത്തകനായ സൂരജ്, എയറോനോട്ടിക്കൽ സയൻസിൽ ഗവേഷകവിദ്യാർഥിയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഐ.ഐ.ടിയിൽ ബീഫ് ഫെസ്റ്റ് നടത്തിയത്. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ആക്രമിക്കുമെന്നും ആശുപത്രിയിലെത്തി മനീഷ്കുമാർ സിങ് ഭീഷണിപ്പെടുത്തിയെന്നും സൂരജിന്‍റെ സുഹൃത്തുക്കൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.