െഎ.എസ് വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
text_fieldsഅമൃത്സർ: െഎ.എസ് വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിച്ചു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.30നാണ് അമൃത്സർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഗ്ദാദിൽനിന്നുള്ള പ്രത്യേക വിമാനമിറങ്ങിയത്. ഉറ്റവരുടെ ഭൗതികാവശിഷ്ടം ഏറ്റുവാങ്ങാനെത്തിയവരുടെ വികാരനിർഭര രംഗങ്ങൾക്ക് വിമാനത്താവളത്തിലുള്ളവർ ദൃക്സാക്ഷികളായി.
കുടുംബം പുലർത്താൻ നാടുവിട്ടവരെ ശവപ്പെട്ടികളിൽ ഏറ്റുവാങ്ങേണ്ടി വരുന്ന വേദന ബന്ധുക്കൾക്ക് കണ്ണീരിലൊതുക്കാനായില്ല. കൊല്ലപ്പെട്ടവരിൽ 27 പേർ പഞ്ചാബ് സ്വദേശികളും നാലു പേർ ഹിമാചൽ പ്രദേശുകാരുമാണ്. ഇവരുടെ മൃതദേഹങ്ങളാണ് അമൃത്സറിൽ ബന്ധുക്കൾ ഏറ്റുവാങ്ങിയത്. ശേഷിക്കുന്നവരുടെ മൃതദേഹങ്ങൾ പട്ന, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിെൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് ഇറാഖിലേക്കു പോയത്. പഞ്ചാബ് കാബിനറ്റ് മന്ത്രി നവ്ജോത് സിങ് സിദ്ദു വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഇറാഖിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് ഫ്രീസറിൽ സൂക്ഷിച്ച 39 മൃതദേഹങ്ങളിൽ 38 എണ്ണമാണ് ഇന്ത്യൻ സംഘം ഏറ്റുവാങ്ങിയത്. ഡി.എൻ.എ പരിശോധനയിൽ തീർപ്പാകാത്തതിനാലാണ് ഒരാളുടെ മൃതദേഹം ഇതോടൊപ്പം നാട്ടിലെത്തിക്കാനാവാതിരുന്നത്. ഇതിന് കൂടുതൽ സമയം ആവശ്യമായിവരും. 2015ൽ ഇറാഖിൽ െഎ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇക്കഴിഞ്ഞ മാർച്ച് 20നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാർലമെൻറിനെ അറിയിച്ചത്.
മൂസിലിൽ കൊല്ലപ്പെട്ട 39 ഇന്ത്യക്കാരും ഇറാഖിലേക്ക് പോയത് അനധികൃതമായാണെന്ന് മൃതദേഹങ്ങളെ അനുഗമിച്ച വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു. വിദേശ ജോലിക്കായി നിയമവിധേയ മാർഗങ്ങൾ മാത്രം അവലംബിക്കണമെന്ന് ആവശ്യപ്പെടുന്ന കാമ്പയിൻ വിദേശകാര്യ മന്ത്രാലയം 2014 മുതൽ നടത്തുന്നുണ്ട്. വിദേശത്തു പോകാൻ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഏജൻറുമാരെ സമീപിക്കരുതെന്ന് നിരന്തരം ആവശ്യപ്പെടുന്നതാണ്. കൊല്ലപ്പെട്ടവരുടെ വിദേശയാത്രയെക്കുറിച്ച് ഒരു എംബസിയിലും രേഖയില്ല. അവർ നിയമവിരുദ്ധ ഏജൻറുമാർ വഴിയാണ് നാടുവിട്ടത്. ഇൗ മാർഗം അവലംബിക്കുേമ്പാൾ, ആര് എവിടെയാണ് എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഉണ്ടാകില്ലെന്നും അദ്ദേഹം അമൃത്സറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ജോലി ലഭിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ, ഇത് ഫുട്ബാൾ കളിയല്ലെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.