അഭിഭാഷകയെ കൊലപ്പെടുത്തി; ക്വട്ടേഷൻ തുക ലഭിച്ചില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതിയുമായി കൊലയാളി
text_fieldsമീറത്ത് (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ മീറത്തിൽ കൊലപാതകത്തിന് ശേഷം ക്വട്ടേഷൻ തുക നൽകാത്തതിന് കൊലയാളി പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. അഭിഭാഷകയായ അഞ്ജലി എന്ന യുവതിയെ ഒരുവർഷം മുമ്പ് നീരജ് ശർമ എന്ന വാടക കൊലയാളി വെടിവെച്ചു കൊന്നിരുന്നു.
കൊലക്ക് 20 ലക്ഷം രൂപയുടെ കരാർ നൽകിയെങ്കിലും തുക ലഭിച്ചില്ലെന്ന് ഇയാൾ പറഞ്ഞു. സ്വത്ത് തർക്കത്തിന്റെ പേരിൽ കൊലയാളികളെ വാടകക്കെടുത്തെന്ന സംശയത്തെത്തുടർന്ന് അവരുടെ ഭർത്താവിനെയും മരുമകനെയും ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇവർക്ക് പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചു. എന്നാൽ, അഞ്ജലിയെ കൊലപ്പെടുത്തിയത് ഭർത്താവിന്റെയും അമ്മായിയമ്മ സരള ഗുപ്തയുടെയും ഭാര്യാപിതാവ് പവൻ ഗുപ്തയുടെയും നിർദേശപ്രകാരമാണെന്ന് നീരജ് ശർമ ആരോപിച്ചു.
20 ലക്ഷം രൂപയുടെ കരാർ ഉറപ്പിച്ചെങ്കിലും തുക ലഭിച്ചില്ല. താൻ ജയിലിൽ വരെ കിടന്നിട്ടും വാഗ്ദാനം ചെയ്ത തുക കിട്ടാത്തതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്ന് നീരജ് ശർമ പറഞ്ഞു. ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ഇയാൾ പരാതിയുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു.
സുരേഷ് ഭാട്ടി എന്ന വ്യക്തിയാണ് ഇവരെ ജോലിക്കെടുത്തതെന്നാണ് സൂചന. കൊലപാതകത്തിന്റെ തലേദിവസം രാത്രി നീരജിന്റെ വീട്ടിൽ അക്രമികൾ താമസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് സ്കൂട്ടറുകളും ഒരു പിസ്റ്റളും പൊലീസ് കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടത്തുമെന്നും പുതിയ വസ്തുതകൾ പുറത്തുവന്നാൽ പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും മീറത്ത് സിറ്റി സീനിയർ പൊലീസ് ഓഫിസർ ആയുഷ് വിക്രം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.