'ഒരുപാട് സ്വപ്നങ്ങളുമായാണ് അവൻ യു.എസിലേക്ക് പോയത്; മടങ്ങിയെത്തിയത് മൃതദേഹവും' -രവി തേജയുടെ മരണത്തിൽ വിലപിച്ച് പിതാവ്
text_fieldsഹൈദരാബാദ്: ഒരുപാട് സ്വപ്നങ്ങളുമായാണ് മകൻ അമേരിക്കയിലേക്ക് പോയതെന്ന് വെടിയേറ്റ് മരിച്ച രവി തേജയുടെ പിതാവ് ചന്ദ്രമൗലി. ''ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു അവന്. അതുമായാണ് യു.എസിലേക്ക് പോയത്. ഇപ്പോൾ നാട്ടിലേക്ക് കൊണ്ടുവരുന്നത് അവന്റെ ജീവനില്ലാത്ത ദേഹവും. ഇങ്ങനെയൊരു മടക്കം ഞങ്ങൾ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. എങ്ങനെ ഞങ്ങളീ നഷ്ടം സഹിക്കും. ആർക്കും ഇങ്ങനെയൊരു അനുഭവമുണ്ടാകരുത്.''വിതുമ്പലോടെ ചന്ദ്രമൗലി പ്രതികരിച്ചു.
അജ്ഞാതന്റെ വെടിയേറ്റ് രവി തേജ കൊല്ലപ്പെട്ടുവെന്ന സന്ദേശമാണ് കഴിഞ്ഞദിവസം കുടുംബത്തെ തേടിയെത്തിയത്. എങ്ങനെ, എപ്പോൾ സംഭവിച്ചു എന്നൊന്നും ഒരു വിവരവും ലഭിച്ചില്ല. മാസ്റ്റേഴ്സ് ബിരുദം നേടാനാണ് രവി തേജ രണ്ടുവർഷം മുമ്പ് യു.എസിലെത്തിയത്. പഠനം പൂർത്തിയാക്കിയതിന് ശേഷം ജോലിക്കായുള്ള ശ്രമത്തിലായിരുന്നു. വിവരമറിഞ്ഞ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചന്ദ്രമൗലിയുടെ വീട്ടിലെത്തിയിട്ടുണ്ട്.
വെടിവെപ്പുണ്ടാകാനുള്ള കാരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇന്ത്യൻ സ്റ്റുഡന്റ് നോർത്ത് അമേരിക്കൻ അസോസിയേഷൻ അറിയിച്ചു. 2022ൽ എം.ബി.എ ചെയ്യാനായി എഫ്1 വിസയിലാണ് രവി തേജ യു.എസിലെത്തിയത്.
വംശീയാക്രമണമാണോ രവിതേജക്കു നേരെ നടന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സമീപ കാലത്ത് ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ യു.എസിൽ നിരവധി അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി വീണ്ടും അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പാണ് യു.എസിൽ ഇന്ത്യൻ വിദ്യാർഥിക്കു നേരെ കൊലപാതകം നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.