ബ്രിട്ടീഷ് രാജാവും രാജ്ഞിയും സുഖചികിത്സക്കായി ബംഗളൂരുവിൽ; സന്ദർശനം അതീവ രഹസ്യമായി
text_fieldsബംഗളൂരു: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ, രാജ്ഞി കമീല എന്നിവർ സുഖചികിത്സക്കായി ബംഗളൂരുവിൽ തങ്ങുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സമോവയിൽ ഒക്ടോബർ 21 മുതൽ 26 വരെ കോമൺവെൽത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തൊട്ടടുത്ത ദിവസം അതീവ രഹസ്യമായാണ് ഇരുവരും ബംഗളൂരുവിലെത്തിയത്. വൈറ്റ്ഫീൽഡിലെ സ്വകാര്യ വെൽനസ് സെന്ററിൽ കഴിഞ്ഞ മൂന്ന് ദിവസമായി കഴിഞ്ഞുവരുന്ന ഇരുവരും ബുധനാഴ്ച മടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന സർക്കാർ പോലും അറിയാതെയാണ് 27ന് ബ്രിട്ടീഷ് രാജാവും രാജ്ഞിയും എച്ച്.എ.എൽ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. അവിടെനിന്ന് വൈറ്റ്ഫീൽഡിലേക്കുള്ള യാത്രയിൽ ഒരിടത്തും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. യോഗ, തെറാപ്പി ഉൾപ്പെടെ വിവിധ സെഷനുകൾ ഉൾപ്പെട്ട ‘ചികിത്സ’യാണ് ഇരുവർക്കും നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കുമായി പ്രത്യേകം സ്റ്റാഫിനെയും നിയോഗിച്ചിരുന്നു.
ബ്രിട്ടീഷ് രാജാവായ ശേഷം ആദ്യമായാണ് ചാൾസ് ബംഗളൂരുവിൽ എത്തുന്നത്. നേരത്തെ വെയ്ൽസ് രാജകുമാരനായിരിക്കെ പലതവണ ഇവിടെ എത്തിയിട്ടുണ്ട്. 71-ാം പിറന്നാൾ ആഘോഷിച്ച അതേ വെൽനസ് സെന്ററിലാണ് നാല് വർഷത്തിനു ശേഷം വീണ്ടും എത്തിയത്. 2022ൽ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിനു പിന്നാലെയാണ് ചാൾസ് മൂന്നാമനെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.