ആര്യൻ ഖാൻ കേസ്: ഒളിവിലായിരുന്ന സാക്ഷി കെ.പി. ഗോസാവി പുണെയിൽ പിടിയിൽ
text_fieldsമുംബൈ: ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ ഒളിവിൽ പോയ സാക്ഷി കെ.പി. ഗോസാവി പൊലീസ് പിടിയിലായി. പുണെയിലാണ് ഇയാൾ പിടിയിലായത്. യു.പിയിലെ ലഖ്നോവിൽ താൻ കീഴടങ്ങുമെന്ന് ഗോസാവി മൂന്ന് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.
ആര്യൻ ഖാൻ കേസിലെ വിവാദ സാക്ഷിയാണ് കെ.പി. ഗോസാവി. ആഡംബരക്കപ്പലിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പരിശോധന നടത്തുമ്പോൾ ഗോസാവിയും ഒപ്പമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യൻ ഖാനോടൊപ്പം ഗോസാവിയെടുത്ത സെൽഫി വൈറലായിരുന്നു. താൻ സ്വകാര്യ ഡിറ്റക്ടീവ് ആണെന്നായിരുന്നു ഇയാളുടെ വാദം. എൻ.സി.ബിയോടൊപ്പം ഗോസാവി എങ്ങനെ റെയ്ഡിൽ പങ്കെടുത്തുവെന്ന ചോദ്യം പലരും ഉയർത്തിയിരുന്നു.
ഗോസാവിക്കെതിരെ പുനെയിൽ വർഷങ്ങൾക്ക് മുമ്പ് വഞ്ചന കേസ് നിലവിലുണ്ടായിരുന്നു. ഈ കേസിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയതോടെയാണ് ഇയാൾ ഒളിവിൽ പോയത്. അതേസമയം, ഗോസാവിയും എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും ആര്യന്‍റെ പിതാവ് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി കേസിലെ മറ്റൊരു സാക്ഷിയും ഗോസാവിയുടെ അംഗരക്ഷകനുമായിരുന്ന പ്രഭാകർ സെയിൽ എന്നയാൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ ആരോപണം നിഷേധിക്കുകയാണ് ഗോസാവി.
മറ്റൊരാൾ വഴി ഗോസാവി ഷാരൂഖിന്‍റെ മാനേജരെ ബന്ധപ്പെട്ടതായി പ്രഭാകർ സെയിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ, ആര്യൻ ഖാൻ കസ്റ്റഡിയിലിരിക്കേ ഗോസാവിയുടെ ഫോണിൽ സംസാരിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു.
എന്നാൽ, എൻ.സി.ബി കസ്റ്റഡിയിലെടുത്ത സമയത്ത് രക്ഷിതാക്കളെയും മാനേജരെയും വിളിക്കാൻ ആര്യൻ ഖാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഗോസാവി പിന്നീട് പറഞ്ഞത്. 'അറസ്റ്റിലായ സമയത്ത് ആര്യൻ ഖാന്‍റെ കൈയിൽ ഫോൺ ഉണ്ടായിരുന്നില്ല. ആര്യൻ ഖാനാണ് തന്നോട് രക്ഷിതാക്കളേയും മാനേജരെയും വിളിക്കാൻ ആവശ്യപ്പെട്ടത്' -ഗോസാവി പറഞ്ഞു. ഒക്ടോബർ ആറുവരെ താൻ മുംബൈയിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഫോൺ ഓഫ് ചെയ്യേണ്ടിവന്നു.
എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുമായി തനിക്ക് മുൻപരിചയമില്ല. ടി.വിയിൽ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. എൻ.സി.ബിയുടെ കൂടെ മുമ്പ് ഒരു റെയ്ഡിലും പങ്കെടുത്തിട്ടില്ല. സാക്ഷിപ്രസ്താവന പൂർണമായും വായിച്ചുനോക്കിയ ശേഷമാണ് ഒപ്പിട്ടുനൽകിയത്. വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങിയെന്ന് തന്‍റെ അംഗരക്ഷകനും കേസിലെ മറ്റൊരു സാക്ഷിയുമായ പ്രഭാകർ സെയിൽ പറഞ്ഞതിനെ കുറിച്ച് അറിയില്ല. ഒക്ടോബർ 11ന് ശേഷം പ്രഭാകറുമായി ബന്ധമില്ല.
തനിക്കെതിരെ വർഷങ്ങൾക്ക് മുമ്പുള്ള കേസാണ് പുണെ പൊലീസ് കുത്തിപ്പൊക്കി കൊണ്ടുവന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എന്‍റെ ജീവിതം സുരക്ഷിതമല്ല. ജയിലിനകത്തു വെച്ചുപോലും കൊല്ലുമെന്ന ഭീഷണികളാണ് ലഭിക്കുന്നതെന്നും ഗോസാവി നേരത്തെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.