ആധാറും വോട്ടർ ഐ.ഡിയും ബന്ധിപ്പിച്ചാൽ കള്ളവോട്ടുകൾ ഉണ്ടാവില്ലെന്ന് കേന്ദ്ര മന്ത്രി
text_fieldsന്യൂഡൽഹി: ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നതിലൂടെ കള്ളവോട്ട് പൂർണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു. നിലവിൽ ആധാറും തെരഞ്ഞെടുപ്പ് ഐ.ഡിയും ബന്ധിപ്പിക്കൽ നിർബന്ധമല്ല. എന്നാൽ, തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ നിയമമാകുന്നതോടെ കള്ളവോട്ടുകളെ മുഴുവൻ അരിച്ചുമാറ്റാനാകും -മന്ത്രി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭ പാസ്സാക്കിയിരുന്നു. രാജ്യസഭയും പാസ്സാക്കി രാഷ്ട്രപതി ഒപ്പിടുന്നതോടു കൂടി ബില്ല് നിയമമാകും.
പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതെന്ന് മന്ത്രി റിജ്ജു പറഞ്ഞു. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ സംബന്ധിച്ച് കാര്യമായ ചർച്ച നടക്കേണ്ടതുണ്ട്. പ്രതിപക്ഷത്തോട് ചർച്ചയിൽ പങ്കെടുത്ത് അവരുടെ നിർദേശങ്ങൾ ഉന്നയിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബഹളമുണ്ടാക്കാനാണ് അവർ തയാറായത്.
ഭേദഗതി പ്രകാരം 'ഭാര്യ' എന്ന വാക്കിന് പകരം 'പങ്കാളി' എന്ന ലിംഗസമത്വ വാക്കാണ് ഉപയോഗിക്കുകയെന്ന് മന്ത്രി പറഞ്ഞു. ജനുവരി ഒന്നിലെ പ്രായം കണക്കാക്കി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന നിലവിലെ രീതി കാരണം പലർക്കും മാസങ്ങൾ കാത്തിരിക്കേണ്ടിവരികയാണ്. ഇതിന് പകരമായി വർഷത്തിൽ നാല് തവണ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സമയം നൽകുമെന്നും മന്ത്രി പറഞ്ഞു.
ജനുവരി ഒന്നിനു പുറമെ, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നിവയും യോഗ്യത തീയതിയായി പരിഗണിക്കും. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ ആവശ്യപ്പെടാൻ ഇലക്ടറൽ ഓഫിസർമാർക്ക് അനുമതി നൽകുന്നതടക്കമുള്ള പരിഷ്കാരങ്ങൾ തെരഞ്ഞെടുപ്പു നിയമ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ടർപട്ടികയിൽ പേരുള്ളവരുടെ വിവരങ്ങൾ സ്ഥിരീകരിക്കാനും രണ്ടു മണ്ഡലങ്ങളിലായി പേരുണ്ടോയെന്നും ഒരേ മണ്ഡലത്തിൽ ഒന്നിലേറെ തവണ പേരുചേർത്തിട്ടുണ്ടോ എന്നുമെല്ലാം പരിശോധിക്കാൻ ആധാർ നമ്പർ ആവശ്യപ്പെടാൻ ഉദ്യോഗസ്ഥർക്ക് ബിൽ അധികാരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.