ഇനി മിസ് ഇന്ത്യ മത്സരങ്ങളിലും സിനിമകളിലും അദ്ദേഹത്തിന് സംവരണം വേണം; ബാല ബുദ്ധി തന്നെ -രാഹുൽ ഗാന്ധിയെ പരിഹസിച്ച് കിരൺ റിജിജു
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രധാന സൗന്ദര്യ മത്സരമായ മിസ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ ദലിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളിലെ സ്ത്രീകളില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ''ഇനി മിസ് ഇന്ത്യ മത്സരങ്ങൾ, സിനിമകൾ, കായിക രംഗം എന്നിവയിൽ അദ്ദേഹത്തിന് സംവരണം വേണം. ഇത് കേവലം ബാലബുദ്ധിയുടെ മാത്രം പ്രശനമല്ല ഇത്. അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്ന ആളുകൾക്കും തുല്യ ഉത്തരവാദിത്തമുണ്ട്.''-എന്നായിരുന്നു റിജിജുവിന്റെ പരിഹാസം. എക്സ് പോസ്റ്റ് വഴിയാണ് കേന്ദ്രമന്ത്രി രാഹുൽ ഗാന്ധിയെ കളിയാക്കിയത്. രാഹുൽ പ്രസംഗിക്കുന്ന വിഡിയോയും പങ്കുവെച്ചിരുന്നു.
പ്രയാഗ് രാജിൽ നടന്ന പരിപാടിക്കിടെയായിരുന്ന ജാതി സെൻസസിന്റെ ആവശ്യത്തെ കുറിച്ച് രാഹുൽ ഊന്നിപ്പറഞ്ഞത്. 'മിസ് ഇന്ത്യ പട്ടിക പരിശോധിച്ചു. ദലിത്, ആദിവാസി, ഒ.ബി.സി സ്ത്രീകളുണ്ടാകുമോ എന്നറിയാനായിരുന്നു അത്. എന്നാൽ ദലിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് ഒരു സ്ത്രീയും മിസ് ഇന്ത്യയായിട്ടില്ല. എന്നിട്ട് പോലും മാധ്യമങ്ങൾ സംസാരിക്കുന്നത് മുഴുവൻ നൃത്തം, സംഗീതം, ക്രിക്കറ്റ്, ബോളിവുഡ് സിനിമകൾ എന്നിവയെ കുറിച്ചാണ്. കർഷകരെയോ തൊഴിലാളികളെയോ കുറിച്ച് അവർ സംസാരിക്കുന്നില്ല. രാജ്യത്തെ ജനസംഖ്യയിൽ 90 ശതമാനവും വ്യവസ്ഥക്ക് പുറത്താണ്. മാധ്യമങ്ങളിലെ മുൻനിര അവതാരകർ പോലും ഈ വിഭാഗങ്ങളിൽ നിന്നുള്ളവരല്ല. സ്ഥാപനങ്ങൾ, കോർപറേറ്റുകൾ, ബോളിവുഡ്, മിസ് ഇന്ത്യ എന്നിവിടങ്ങളിൽ പിന്നോക്ക വിഭാഗക്കാർ എത്ര പേരുണ്ടെന്ന് അറിയണം. അത് പരിശോധിക്കപ്പെടണം.'-എന്നാണ് രാഹുൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.