'പൗരന്മാരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടില്ല, എന്നാൽ കല്യാണം നയപരമായ വിഷയം'; സ്വവർഗ വിവാഹത്തെക്കുറിച്ച് മന്ത്രി കിരൺ റിജിജു
text_fieldsന്യൂഡൽഹി: സ്വവർഗ വിവാഹത്തെ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ എതിർത്തതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. പൗരന്മാരുടെ സ്വകാര്യ ജീവിതത്തിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്നും എന്നാൽ വിവാഹം എന്നത് നയപരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആരുടേയും വ്യക്തിജീവിതത്തിൽ സർക്കാർ ഇടപെടില്ല. അതുകൊണ്ട് തന്നെ ആശയക്കുഴപ്പത്തിന്‍റെ ആവശ്യമില്ല. എന്നാൽ വിവാഹത്തിലേക്ക് വരുമ്പോൾ അത് ഒരു നയപരമായ വിഷയമാണ്' -കിരൺ റിജിജു പറഞ്ഞു. ഇതിലൂടെ പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യം, വ്യക്തിപരമായ പ്രവൃത്തികൾ എന്നിവ ഒരിക്കലും സർക്കാർ തടസ്സപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യത്തെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ശക്തമായി എതിർത്തിരുന്നു. സ്വവർഗ വിവാഹങ്ങൾ ഭാരത കുടുംബസങ്കൽപ്പത്തിന് എതിരാണെന്നും എതിർ ലിംഗത്തിലുള്ള രണ്ടുപേർ തമ്മിലുള്ള ഐക്യമാണ് വിവാഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അടിത്തറയെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. ഏപ്രിൽ 18ന് ഭരണഘടന ബെഞ്ച് വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.