അരുണാചലിൽ ചൈനീസ് കടന്നുകയറ്റമെന്ന റിപ്പോർട്ട് തള്ളി കേന്ദ്രമന്ത്രി; ഇന്ത്യൻ ഭൂമി കൈയേറാൻ സാധിക്കില്ലെന്ന് കിരൺ റിജിജു
text_fieldsന്യൂഡൽഹി: അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം നടക്കുന്നുവെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. ഇന്ത്യ-ചൈന അതിർത്തിയിലെ ഇതുവരെ അതിർത്തി നിർണയിക്കാത്ത പ്രദേശങ്ങളിൽ പെട്രോളിങ്ങിനിടെ ചൈനീസ് സേന പ്രവേശിക്കാറുണ്ടെങ്കിലും അത് ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറുന്നതിലേക്ക് നയിക്കുന്നില്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) അരുണാചൽ പ്രദേശിൽ നുഴഞ്ഞുകയറ്റം നടത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. അതിർത്തി നിർണയിക്കാത്ത സ്ഥലങ്ങളിൽ പെയിന്‍റ് ഉപയോഗിച്ച് അടയാളങ്ങൾ വരക്കുന്നത് വഴി പ്രദേശങ്ങൾ കൈയേറിയെന്ന് അർഥമാക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച അരുണാചലിലെ അഞ്ജാവ് ജില്ലയിൽ ചൈനീസ് സേന ഇന്ത്യൻ പ്രദേശത്ത് കടന്നുകയറിയെന്നും കപാപ്പു പ്രദേശത്ത് കുറച്ചു ദിവസം ക്യാമ്പ് ചെയ്തെന്നുമായിരുന്നു റിപ്പോർട്ട്. ചൈനീസ് സേന പ്രദേശത്ത് തീയിട്ടതിന്‍റെയും പാറകളിൽ പെയിന്‍റ്ടിച്ചതിന്‍റെയും ചൈനീസ് ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്നുമായിരുന്നു റിപ്പോർട്ട്.
'ചൈനക്ക് നമ്മുടെ ഭൂമി കൈയേറാൻ സാധിക്കില്ല. അതിർത്തി നിർണയിക്കാത്ത പ്രദേശങ്ങളിൽ പെട്രോളിങ്ങിനിടെ പ്രവേശിക്കാറുണ്ട്. എന്നാൽ, സ്ഥിരമായി ഒരു നിർമാണവും നടത്താൻ അനുവാദമില്ല. നമ്മുടെ ഭാഗത്ത് കർശന ജാഗ്രത പുലർത്തുണ്ട്. അതിർത്തി നിർണയിക്കാത്ത പ്രദേശങ്ങളിൽ അടയാളങ്ങൾ വരക്കുന്നതിന് കടന്നുകയറ്റമായി കാണാൻ സാധിക്കില്ല' -കിരൺ റിജിജു പി.ടി.ഐയോട് വ്യക്തമാക്കി.
ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ ചൈനയുമായി 3,400 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർഥ നിയന്ത്രണരേഖ (എൽ.എ.സി) ഇന്ത്യ പങ്കിടുന്നത്. അരുണാചൽ തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.