ബി.ജെ.പി നേതാവിനെ ശിവസേന പ്രവർത്തകർ കൈയേറ്റം ചെയ്തു -VIDEO
text_fieldsപൂണെ: ബി.ജെ.പി നേതാവ് കിരിത് സോമയ്യയെ ശിവസേന പ്രവർത്തകർ കൈയേറ്റം ചെയ്തു. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജംബോ ആശുപത്രികൾ അനുവദിച്ചതിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പൂണെ മുനിസിപ്പൽ കമ്മീഷണർക്ക് പരാതി നൽകാൻ പോകുന്നതിനിടെയായിരുന്നു സംഭവം. പൂനെ മുനിസിപ്പൽ കോർപ്പറേഷന് (പിഎംസി) സമീപം ശനിയാഴ്ച വൈകീട്ടായിരുന്നു ആക്രമണം.
സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ശനിയാഴ്ച ഉച്ചയോടെ പൂണെ ശിവാജിനഗർ പൊലീസ് സ്റ്റേഷനിൽ സോമയ്യ പരാതി നൽകിയിരുന്നു. തുടർന്ന് മുനിസിപ്പൽ കമ്മീഷണറെ കാണാൻ പിഎംസിയിലേക്ക് പോയി. ഇവിടെ പ്രവേശന കവാടത്തിൽ തടിച്ചുകൂടിയ ഒരു സംഘം ശിവസേന പ്രവർത്തകർ അദ്ദേഹത്തെ തടയുകയായിരുന്നു. സോമയ്യയോടൊപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകർ ഇടപെട്ടതോടെ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘട്ടനത്തിനിടെ ബി.ജെ.പി പ്രവർത്തകർ സോമയ്യയെ സഞ്ചേതി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
"കിരിത് സോമയ്യക്ക് നേരെ ശിവസേന നടത്തിയ ആക്രമണം അംഗീകരിക്കാനാവില്ല. അദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് പരിക്കുകളുണ്ടായിരിക്കാം, പക്ഷേ സോമയ്യക്കും ബി.ജെ.പിക്കും അവരെ പേടിയില്ല. ജംബോ ആശുപത്രി വിഷയത്തിൽ ശിവസേന തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അവർ ഇത്ര പേടിക്കുന്നത്?' -ആക്രമണത്തെ കുറിച്ച് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പ്രതികരിച്ചു.
കോവിഡ് രോഗികളുടെ മരണത്തിന് കാരണമായ പൂണെ ശിവാജി നഗർ ജംബോ കോവിഡ് സെന്‍റർ അഴിമതിയുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്‍റെ അടുപ്പക്കാരനായ സുജിത് പട്കറിന്‍റെ ലൈഫ്‌ലൈൻ ഹോസ്പിറ്റൽ മാനേജ്‌മെന്‍റ് സർവിസസിനെതിരെ ശിവാജി നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുമെന്ന് സോമയ്യ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പരാതി നൽകാൻ എത്തിയത്. 'പൂണെ മഹാപാലികയുടെ പരിസരത്ത് വെച്ച് ശിവസേന ഗുണ്ടകൾ എന്നെ ആക്രമിച്ചു" എന്ന് സംഭവത്തിന് ശേഷം സോമയ്യ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ബിജെപി ഭരിക്കുന്ന പി.എം.സിയിലെ അഴിമതിയെക്കുറിച്ച് സോമയ്യയോട് സംസാരിക്കാനും മെമ്മോറാണ്ടം കൈമാറാനും തങ്ങളെത്തിയതെന്ന് ശിവസേന പ്രവർത്തകർ പറഞ്ഞു.
സോമയ്യയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ പൂണെ ജില്ലയിലെ മൂന്ന് ആശുപത്രികൾ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെന്നും ക്രമക്കേടുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. "പൂണെ ജില്ലയിലുള്ള കാര്യങ്ങൾ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാം വളരെ സുതാര്യതയോടെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൂണെ കലക്ടർ, പിഎംസി കമ്മീഷണർ, പിസിഎംസി കമ്മീഷണർ എന്നിവർക്ക് ഞാൻ നിർദേശം നൽകിയിരുന്നു. സോമയ്യയുടെ പക്കൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് ഞങ്ങൾക്ക് ഹാജരാക്കണം. ഞങ്ങൾ അന്വേഷിക്കും. തെളിവുകളൊന്നും നൽകാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഗുണം ചെയ്യില്ല' -പവാർ പറഞ്ഞു.
- @KiritSomaiya यांना पुणे महापालिकेच्या आवारात मारहाण झाली आहे. तशा आशयाचं ट्विट त्यांनी केलं आहे.
— SaamTV News (@saamTVnews) February 5, 2022
- शिवसैनिकांनी मारहाण केली आहे.
- पत्रकार परिषद घेण्यासाठी ते महापालिकेत आले होते.@Marathi_Rash @prachee_ps @vinodtalekar @ShivsenaComms pic.twitter.com/PpzskWXtWo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.