അബ്ദുൽ റാഷിദ് ഖലാസിന് കീർത്തിചക്ര; വിശാഖ് നായർക്ക് ശൗര്യചക്ര
text_fieldsന്യൂഡൽഹി: പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജമ്മു -കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബ്ൾ അബ്ദുൽ റാഷിദ് ഖലാസിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ ധീരതക്കുള്ള പരമോന്നത സൈനിക ബഹുമതിയായ കീര്‍ത്തിചക്ര പുരസ്കാരം. മലയാളിയായ വ്യോമസേന വിങ് കമാൻഡർ വിശാഖ് നായർ ഉൾപ്പെടെ ഒമ്പതുപേർക്ക് സമാധാനകാലത്തെ മൂന്നാമത്തെ ഉയർന്ന സൈനിക ബഹുമതിയായ ശൗര്യചക്രയും ലഭിച്ചു.
സ്ക്വാഡ്രൺ ലീഡർ അരുൺ ബിക്ക് ധീരതക്കുള്ള വായുസേന മെഡലും നാവികസേന കമാൻഡർ ധനുഷ് മേനോന് ധീരതക്കുള്ള നാവികസേന മെഡലും ലഭിച്ചു. കര, വ്യോമ, നാവിക സേന വിഭാഗങ്ങളിലും അർധസൈനിക വിഭാഗങ്ങളിലുമായി ഒരു കീർത്തിചക്ര, ഒമ്പത് ശൗര്യചക്ര, അഞ്ച് ബാർ ടു സേനാ മെഡൽ, 60 സേനാ മെഡൽ, നാല് നാവികസേനാ മെഡൽ, 5 വായുസേനാ മെഡൽ ഉൾപ്പെടെ 84 പേർക്കാണ് ധീരതക്കുള്ള രാഷ്ട്രപതിയുടെ സേനാമെഡൽ ലഭിച്ചത്.
ജമ്മു -കശ്മീരിലെ ഭീകരവിരുദ്ധ ഓപറേഷനുകളിലെ ധീരതക്ക് ലഫ്. കേണൽ കൃഷൻ സിങ് റാവത്ത് (പാരച്യൂട്ട് റെജിമെൻറ്), മറാത്ത ലൈറ്റ് ഇൻഫൻററിയിലെ മേജർ അനിൽ യു.ആർ.എസ്, ഹവിൽദാർ അലോക് കുമാർ ദുബെ (രജ്പുത്ത് 44 ബറ്റാലിയൻ, രാഷ്ട്രീയ റൈഫിൾസ്), ജമ്മു -കശ്മീർ പൊലീസ് ഡി.ഐ.ജി അമിത് കുമാർ എന്നിവർക്ക് ശൗര്യചക്ര ലഭിച്ചു. സി.ഐ.എസ്.എഫിലെ എസ്.ഐ മഹാവീർ പ്രസാദ് ഗോദ്ര, ഹെഡ്കോൺസ്റ്റബ്ൾ ഏർണ നായക, കോൺസ്റ്റബ്ൾമാരായ മഹേന്ദ്രകുമാർ പാസ്വാൻ, സതിഷ് പ്രസാദ് കുശ്വാഹ എന്നിവർക്ക് മരണാനന്തര ബഹുമതിയായും ശൗര്യചക്ര ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.